തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ നിര്യാണത്തെത്തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതല ആർക്കു നൽകണമെന്ന കാര്യം ഇന്ന് വൈകുന്നേരം ചേരുന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യും. യെച്ചൂരിയുടെ ഭൗതികദേഹം പൊതു ദർശനം കഴിഞ്ഞ് ആശുപത്രിക്കു വിട്ടു നൽകിയ ശേഷം ഡൽഹിയിലുള്ള എല്ലാ പി.ബി അംഗങ്ങളും കൂടിച്ചേരാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
ജനറൽ സെക്രട്ടറി പദവിയിലിരിക്കുമ്പോൾ മരണമടയുന്ന ആദ്യ നേതാവാണ് യെച്ചൂരിയെന്നതിനാൽ പാർട്ടിക്കു മുന്നിൽ ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കേണ്ട മുൻ അനുഭവം ഉണ്ടായിട്ടില്ല. ഇന്ന് തീരുമാനിക്കണോ, അതോ ഈ മാസം 27 മുതൽ 30 വരെ നടക്കുന്ന പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ തീരുമാനിച്ചാൽ മതിയോയെന്നും ഇന്ന് കൂടിയാലോചിക്കും. പാർട്ടി തീരുമാനത്തിന് അന്തിമാംഗീകാരം നൽകേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്.
യെച്ചൂരി കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്നപ്പോൾ പതിനേഴംഗ പി.ബിയിലെ പാർട്ടി സെന്ററാണ് ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയിരുന്നത്. സെന്ററിൽ പ്രവർത്തിക്കുന്ന പി.ബി അംഗങ്ങൾ ഓരോരുത്തർക്കും ചുമതലകൾ വിഭജിച്ചു നൽകിയിട്ടുണ്ട്.ജനറൽ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്ന സംഘടനാ സംവിധാനമല്ല സി.പി.എമ്മിന്റേത്. ജനറൽ സെക്രട്ടറിയടക്കം പത്തംഗങ്ങളാണ് പി.ബിയിലെ പാർട്ടി സെന്ററിലുള്ളത്. യെച്ചൂരിയുടെ വേർപാടിനെത്തുടർന്ന് അത് ഒമ്പതായി. മുൻ ജനറൽ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ.ബേബി, തപൻ സെൻ, ബി.വി.രാഘവുലു, സുഭാഷിണി അലി, നീലോൽപ്പൽ ബസു, എ.വിജയരാഘവൻ,അശോക് ധാവ്ളെ എന്നിവരാണ് മറ്റ് അംഗങ്ങൾ . അടുത്തു ചേരുന്ന പി.ബി, സി.സി യോഗങ്ങളിൽ ചർച്ച ചെയ്യാനുള്ള കുറിപ്പും സെന്ററിലെ മുതിർന്ന നേതാക്കൾ ചർച്ച ചെയ്താണ് തയ്യാറാക്കുക.
പാർട്ടി കോൺഗ്രസ് അടുത്ത ഏപ്രിലിൽ മധുരയിൽ നടക്കുന്നതിനാൽ പുതിയ ജനറൽ സെക്രട്ടറിയെ അപ്പോൾ തിരഞ്ഞെടുക്കാനും, അതു വരെ താത്ക്കാലിക ചുമതല ഒരാൾക്ക് നൽകാനുമാണ് സാധ്യത.പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ ഊഹാപോഹങ്ങൾ സജീവമാണ്. മൂന്നു ടേം ജനറൽ സെക്രട്ടറിയായിരുന്നയാളെന്ന നിലയിൽ കാരാട്ടിന് അടുത്ത പാർട്ടി കോൺഗ്രസ് വരെ ചുമതല നൽകാനിടയുണ്ട്.എന്നാൽ, പ്രായപരിധി കടന്നെങ്കിലും വൃന്ദാ കാരാട്ടിന് ഒരവസരംനൽകണമെന്ന വാദം ചർച്ചയാകുന്നുണ്ട്.ഈ നീക്കത്തെ കേരള ഘടകം പിന്തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്. സീനിയോരിറ്റിയും, സ്വീകാര്യതയുമുള്ള നേതാവെന്ന നിലയിൽ എം.എ.ബേബിയുടെ പേരും സജീവമാണ്. കേരള ഘടകത്തിന്റെ പ്രത്യേകിച്ച് പിണറായി വിജയന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.പി.ബിയിൽ താരതമ്യേന ജൂനിയറാണെങ്കിലും പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരും , ബി.വി.രാഘവുലു, തപൻസെൻ, മണിക് സർക്കാർ എന്നീ പേരുകളും ചർച്ചയാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |