പ്രൊഡക്‌ഷൻ കൺട്രോളറെ മർദ്ദിച്ചു
കോഴിക്കോട്: സിനിമാ സെറ്റിൽ അഞ്ചംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ പ്രൊഡക്‌ഷൻ കൺട്രോളർ ജിബു ടി.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെയ്ൻ നിഗം നായകനായി വീര സംവിധാനം ചെയ്യുന്ന 'ഹാൽ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.
കോഴിക്കോട് സിവിൽ സ്‌റ്റേഷന് സമീപത്തെ വെളിച്ചെണ്ണ മില്ലിനടുത്ത് വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അക്രമം നടന്നത്. സിനിമയുടെ ആവശ്യത്തിന് എടുത്ത ബൈക്കിന്റെ വാടകയെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് പിന്നിൽ. വാടകയായി ചോദിച്ച വലിയ തുക നൽകാനാവില്ലെന്ന് അറിയിച്ചതോടെ കണ്ടാലറിയുന്ന മൂന്നുപേരും മറ്റു രണ്ടുപേരും ചേർന്ന് ലൊക്കേഷനിൽ നിന്ന് ജിബുവിനെ വലിച്ചു കൊണ്ടു പോകുകയായിരുന്നു. റോഡരികിൽ വച്ചാണ് മർദ്ദിച്ചത്. ലോഹവള കൊണ്ട് ഇടിച്ചെന്നും കത്തികൊണ്ട് കുത്തി കൈക്ക് പരിക്കേൽപ്പിച്ചെന്നും പരാതിയിലുണ്ട്.
അഞ്ചംഗ സംഘത്തിനെതിരെ കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നടക്കാവ് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |