ജനീവ : 1984ൽ ഖാലിസ്ഥാൻ അനുകൂലികൾ ഹൈജാക്ക് ചെയ്ത ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാരിലൊരാളായി തന്റെ പിതാവുണ്ടായിരുന്നെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്നലെ ജനീവയിൽ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 'ഐ.സി 814: ദ കാണ്ഡഹാർ ഹൈജാക്ക്" എന്ന വെബ് സീരിസുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയാണ് വെളിപ്പെടുത്തൽ.
രക്ഷാപ്രവർത്തന ടീമിൽ താനുണ്ടായിരുന്നെന്നും അന്ന് ചെറിയ റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു താനെന്നും അദ്ദേഹം ഓർത്തു. 'ഹൈജാക്കിംഗ് നടന്ന് 34 മണിക്കൂറിന് ശേഷമാണ് പിതാവ് വിമാനത്തിലുണ്ടെന്ന് അറിഞ്ഞത്." അദ്ദേഹം പറഞ്ഞു. അതേ സമയം, കാണ്ഡഹാർ ഹൈജാക്ക് സീരിസ് താൻ കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1984 ജൂലായ് 5ന് പഠാൻകോട്ടിൽ നിന്ന് ഹൈജാക്ക് ചെയ്ത വിമാനം ദുബായിലേക്ക് കൊണ്ടുപോവുകയായിരുന്നു. 12 ഖാലിസ്ഥാൻ അനുകൂലികൾ അധികൃതർക്ക് മുന്നിൽ കീഴടങ്ങിയതോടെ 68 യാത്രികരെയും 6 ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിച്ചു. ജയശങ്കറിന്റെ പിതാവ് മുൻ ഐ.എ.എസ് ഓഫീസറായിരുന്നു.
അതേ സമയം, 1999ലാണ് കാണ്ഡഹാർ വിമാന ഹൈജാക്കിംഗ്. 150ലേറെ യാത്രക്കാരെ പാക് ഭീകരർ ബന്ദികളാക്കി. ഭീകരരുടെ വിലപേശലിനെ തുടർന്ന് കൊടുംഭീകരൻ മസൂദ് അസർ ഉൾപ്പെടെ 3 പേരെ ഇന്ത്യയ്ക്ക് ജയിലിൽ നിന്ന് വിട്ടയയ്‌ക്കേണ്ടി വന്നു. കാണ്ഡഹാറിലേക്ക് വിമാനം തട്ടിക്കൊണ്ടുപോയ ഭീകരർക്ക് നെറ്റ്ഫ്ളിക്സ് വെബ് സീരീസിൽ ഹിന്ദു നാമങ്ങൾ നൽകിയത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |