ഫ്ലോറിഡ: ബഹിരാകാശത്ത് നിന്ന് വയലിൻ വായിച്ച് വൈറലായി പൊളാരിസ് ഡോൺ യാത്രിക സാറാ ഗില്ലിസ്. ബഹിരാകാശത്ത് നടന്ന (സ്പേസ് വാക്ക്) ആദ്യ സിവിലിയൻ സഞ്ചാരികളിൽ ഒരാളെന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് സ്പേസ് എക്സ് എൻജിനിയറായ സാറ വയലിൻ പ്രകടനത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ചത്. ജോൺ വില്യംസ് കംപോസ് ചെയ്ത സ്റ്റാർ വാർസിലെ ' റെയ്സ് തീം" ആണ് സാറ വയലിനിലൂടെ അവതരിപ്പിച്ചത്. പൊളാരിസ് ഡോൺ ദൗത്യത്തിലെ ക്രൂ ഡ്രാഗൺ പേടകത്തിൽ നിന്നുള്ള സാറയുടെ പ്രകടനം സ്‌പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ സംവിധാനം വഴിയാണ് ഭൂമിയിലെത്തിച്ചത്. സാറയുടെ വയലിൻ സംഗീതത്തെ ഭൂമിയിലെ വ്യത്യസ്ത രാജ്യങ്ങളിലെ ഓർക്കസ്ട്രകളുമായി സമന്വയിപ്പിച്ചുള്ള വീഡിയോ പുറത്തുവിട്ടതും ശ്രദ്ധേയമായി. അഞ്ച് ദിവസത്തെ ദൗത്യത്തിനായി ചൊവ്വാഴ്ചയാണ് പൊളാരിസ് ഡോൺ വിക്ഷേപിച്ചത്. വ്യാഴാഴ്ച സാറയും സഹയാത്രികനും അമേരിക്കൻ സംരംഭകനുമായ ജറേഡ് ഐസക്‌മാനും ബഹിരാകാശത്ത് നടന്നിരുന്നു. ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ അകലെ വച്ച് പേടകത്തിന് പുറത്തിറങ്ങിയായിരുന്നു നടത്തം. സ്കോട്ട് പൊട്ടീറ്റ് (യു.എസ് എയർഫോഴ്സ് മുൻ പൈലറ്റ്), അന്ന മേനോൻ (സ്പേസ് എക്സ് എൻജിനിയർ) എന്നിവരാണ് ദൗത്യത്തിലെ മറ്റ് അംഗങ്ങൾ. നാളെ ഭൂമിയിലേക്ക് മടങ്ങാനാണ് പദ്ധതി. കോടീശ്വരനായ ജറേഡ് ഐസക്‌മാൻ ആണ് ദൗത്യത്തിന്റെ സ്പോൺസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |