വാഷിംഗ്ടൺ: അൽ ക്വഇദ മുൻ തലവൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ ജീവനോടെയുണ്ടെന്ന് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ രഹസ്യ കേന്ദ്രത്തിൽ ഇയാൾ ഒളിവിലുണ്ടെന്നും അൽ ക്വഇദയുടെ നിയന്ത്രണം ഏറ്റെടുത്തെന്നും ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിതാവിന്റെ മരണത്തിന് പ്രതികാരമായി പാശ്ചാത്യ രാജ്യങ്ങളെ ആക്രമിക്കാൻ ഇയാൾക്ക് പദ്ധതിയുണ്ടത്രെ. 2019ൽ തെക്കുകിഴക്കൻ അഫ്ഗാനിൽ യു.എസ് ആക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്. അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് ശരിവച്ചിരുന്നു. എന്നാൽ, കൊല്ലപ്പെട്ടത് ഹംസ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായില്ല. ഹംസ അഫ്ഗാനിലുള്ള കാര്യം താലിബാൻ നേതാക്കൾക്ക് അറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു. 35കാരനായ ഹംസയുടെ സഹോദരൻ അബ്ദുള്ളയും അൽ ക്വഇദയിൽ സജീവ പ്രവർത്തകനാണ്. താലിബാന്റെ സംരക്ഷണം ഹംസയ്ക്കുണ്ടെന്നും പറയുന്നു. ഹെൽമന്ദ്, ഘാസ്നി, ലഘ്മൻ, പർവാൻ, സാബുൾ, നൻഗാർഹർ തുടങ്ങിയ പ്രദേശങ്ങളിൽ അൽ ക്വഇദ സാന്നിദ്ധ്യമുണ്ടെന്നും സൂചനയുണ്ട്. ബിൻ ലാദന്റെ ഇരുപത് മക്കളിൽ പതിനഞ്ചാമനാണ് ഹംസ. 2018ലാണ് ഹംസയുടെ പേരിലെ പ്രസ്‌താവന അവസാനമായി അൽ ക്വഇദ പുറത്തുവിട്ടത്. 9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ബിൻ ലാദനെ 2011ൽ പാകിസ്ഥാനിലെ അബോട്ടാബാദിൽ വച്ചാണ് യു.എസ് കമാൻഡോകൾ വധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |