ടോക്കിയോ: ജാപ്പനീസ് മൃഗശാലയിൽ നിന്ന് പുറത്തുചാടിയ പെൻഗ്വിനെ രണ്ടാഴ്ചയ്ക്ക് ശേഷം അദ്ഭുതകരമായി കണ്ടെത്തി. കൊടുങ്കാറ്റിൽപ്പെട്ട് 45 കിലോമീറ്റർ കടലിൽ ഒഴുകി നടന്ന ശേഷം സുരക്ഷിതമായ കൈകളിലേക്ക് പെൻഗ്വിൻ എത്തിച്ചേരുകയായിരുന്നു. മദ്ധ്യ ജപ്പാനിലെ ഹിമാകാജിമ ദ്വീപിൽ ആഗസ്റ്റ് 25നായിരുന്നു സംഭവം. ഗെകിഡൻ പെന്റേഴ്സ് മൃഗശാലയിലെ 'പെൻ" എന്ന ആറ് വയസുള കേപ് പെൻഗ്വിനെ ഒരു ബീച്ചിൽ വച്ച് കാണാതാവുകയായിരുന്നു. പരിശീലകർക്കൊപ്പം നീന്തുന്നതിനിടെയായിരുന്നു സംഭവം. ഉഷ്ണതരംഗത്തിൽ നിന്ന് രക്ഷനേടാൻ പെൻഗ്വിനെ കൂട്ടിനുള്ളിലാക്കി കടലിൽ മുക്കുകയായിരുന്നു. ഇതിനിടെ കൂട്ടിനുള്ളിലെ ചെറിയ ദ്വാരത്തിലൂടെ പെൻ പുറത്തുകടന്നു. കടലിൽ തെരച്ചിൽ നടത്തിയെങ്കിലും പെന്നിനെ കണ്ടെത്താനായില്ല. പെൻ ജനിച്ചതും വളർന്നതുമെല്ലാം മനുഷ്യരുടെ സംരക്ഷണത്തിലാണ്. കടലിൽ നീന്തി പരിചയമില്ല. പെൻഗ്വിനുകൾക്ക് ദിവസവും 40 കിലോമീറ്റർ വരെ നീന്താനാകും. എന്നാൽ മനുഷ്യർക്കിടെയിൽ ജീവിച്ച പെന്നിന് കടൽത്തിരകളെ അതിജീവിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇതോടെ പരിശീലകർ കടുത്ത ആശങ്കയിലായി. 'ഷാൻഷാൻ" എന്ന കൊടുങ്കാറ്റിന്റെ പ്രഭാവത്തിൽ രാജ്യത്ത് ശക്തമായ മഴയും കാറ്റും തുടരുന്ന ഘട്ടം കൂടിയായിരുന്നു. ഏതായാലും കൊടുങ്കാറ്റ് ഒരു പരിധിവരെ കുഞ്ഞു പെന്നിന് അനുഗ്രഹമായി. ബോട്ടുകളോ മറ്റോ കടലിലുണ്ടായിരുന്നില്ല. അതിനാൽ അവയിൽ ഇടിക്കാതെയും മത്സ്യബന്ധന വലയിൽ കുടുങ്ങാതെയും പെൻ നീന്തി. ഇക്കഴിഞ്ഞ ഞായറാഴ്ച ബീച്ചിൽ നിന്ന് 8 മൈൽ അകലെ പെൻ നീന്തുന്നത് ആരോ കണ്ടു. വിവരമറിഞ്ഞെത്തിയ അധികൃതർ റെസ്ക്യൂ ബോട്ടിലെത്തി പെന്നിനെ രക്ഷപെടുത്തുകയായിരുന്നു. പെന്നിന്റെ രക്ഷപെടൽ മൃഗശാലയിലെ എല്ലാവരെയും അദ്ഭുതപ്പെടുത്തി. കുഞ്ഞു പെന്നിനെ ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |