SignIn
Kerala Kaumudi Online
Sunday, 06 October 2024 7.27 AM IST

സൗന്ദര്യം വർദ്ധിപ്പിക്കും രോഗങ്ങൾ അകറ്റും; ഓണസദ്യയിൽ ഓരോ കറികളുടെയും ഗുണങ്ങളറിയാം

Increase Font Size Decrease Font Size Print Page
sadhya

ജാതിമതഭേദമില്ലാതെ മലയാളികള്‍ ഒരേ മനസോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. “കാണം വിറ്റും ഓണം ഉണ്ണണ്ണം” എന്നാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമുള്ള എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്ന് തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിയ്ക്കും അതിന്റെതായ പ്രാധാന്യമുണ്ട്.

ചോറ്

ചമ്പാവരി ചോറില്‍ 'ബി' വിറ്റാമിനുകളും മഗ്‌നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോആസിഡുകളും ഗാമാ - അമിനോബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. ചമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.

പരിപ്പ്, പപ്പടം, നെയ്യ്

ഏത് സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യ അധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണിത്. ആരോഗ്യകരമായ യുവത്വം തുളുമ്പുന്ന ചര്‍മ്മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി - ആസിഡുകള്‍, വിറ്റമിന്‍ 'എ', ആരോഗ്യകരമായ കൊഴുപ്പുകളും നെയ്യിലുണ്ട്. മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം കൈവരിക്കുന്നതിന് ഇതിലുള്ള പോഷകഘടകങ്ങളായ ഫാറ്റിആസിഡുകള്‍ സഹായിക്കുന്നു.

ഇഞ്ചിക്കറി

ഇഞ്ചിക്കറി നൂറു കറികള്‍ക്ക് തുല്യമാണ്. ദഹന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളേയും ശരീരത്തിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നു.


അച്ചാര്‍

നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്‍. ഇത് വിറ്റമിന്‍ 'സി' യുടെ നല്ലൊരു സ്രോതസ്സാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പച്ചമാങ്ങ ശരീരത്തിന്റെ ചൂട് കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാര്‍ദ്ധക്യത്തില്‍ നിന്നും സംരക്ഷിക്കുന്നു.

കിച്ചടി

വെള്ളരിയ്ക്കയും പാവയ്ക്കയും ആണ് മലയാളികള്‍ കിച്ചടിയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിയ്ക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റി ഉള്ളവര്‍ക്ക് നല്ലൊരു ഔഷധമാണിത്. പാവയ്ക്കയില്‍ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, ബീറ്റാ കരോട്ടീന്‍, കാല്‍സ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

പച്ചടി

പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയ്യാറാക്കാം. പൈനാപ്പിളിലുള്ള ബ്രേമിലിന്‍ എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളായ (LDL)നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ 'സി', 'ഇ', ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്‌നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

അവിയല്‍

പലതരത്തിലുള്ള പച്ചക്കറികളും, തേങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്ന അവിയല്‍ സദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകാഹാരക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണിത്.

സാമ്പാര്‍

സ്വാദിന് മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്റെ കൂട്ടുകള്‍.

തോരന്‍

പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയ്യാറാക്കാവുന്നതാണ്. എന്നാലും പഴയകാല ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ വച്ചും തോരന്‍ തയ്യാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്റിഇന്‍ഫ്‌ലമേറ്ററി ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു.

പുളിശ്ശേരി (കാളന്‍), മോര്, രസം

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമമാണ് മോര്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്‌ലെവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകള്‍ക്കും വൈറസ് ബാധകള്‍ക്കുമെതിരായ നല്ലൊന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയ്യാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.

പായസം

പായസമില്ലാതെ സദ്യ പൂര്‍ണ്ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഓണത്തിന് തയ്യാറാക്കാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് അതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയ്യാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളമായിട്ടുണ്ട്. എന്നാല്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം.

ചുക്കുവെള്ളം

സദ്യയ്ക്ക് ശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിയ്ക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.


Preethi R Nair
Chief Clinical Nutritionist
SUT Hospital, Pattom

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SADHYA, HEALTH, ONAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.