കൊച്ചി: മിഷേൽ ഷാജിയുടെ ദുരൂഹമരണക്കേസിൽ, വിട്ടുപോയ കണ്ണികൾ ശാസ്ത്രീയമായി പരിശോധിച്ച് ക്രൈംബ്രാഞ്ച് എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. അന്വേഷണത്തിലെ പിഴവുകൾ എടുത്തുപറഞ്ഞ കോടതി, കേസ് സി.ബി.ഐയ്ക്കു വിടണമെന്ന പിതാവ് ഷാജിയുടെ ആവശ്യം അനുവദിച്ചില്ല. മിഷേലിന്റേത് മുങ്ങിമരണമാണെന്ന നിഗമനത്തിന് തെളിവുകളുണ്ട്. നരഹത്യയാണെന്നു സംശയിക്കത്തക്ക സാഹചര്യവുമില്ല. അതിനാൽ കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് ജസ്റ്റിസ് സി.എസ്. സുധ വ്യക്തമാക്കി.
പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതും രക്ഷിതാക്കളെ പല സ്റ്റേഷനുകളിലും വിളിച്ചുവരുത്തിയതും അനാസ്ഥയാണെന്ന് ഹൈക്കോടതി വിലയിരുത്തി. രണ്ടുമാസത്തിനകം ഇക്കാര്യങ്ങൾ അന്വേഷിച്ച് വിചാരണക്കോടതിയിൽ ഉടൻ അന്തിമ റിപ്പോർട്ട്, കുറ്റപത്രം സമർപ്പിക്കണം.
കേസിങ്ങനെ
എറണാകുളത്ത് സി.എ. ഫൗണ്ടേഷൻ കോഴ്സ് വിദ്യാർത്ഥിനിയായിരുന്ന പിറവം മുളക്കുളം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയെ 2017 മാർച്ച് ആറിനാണ് കൊച്ചി കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന് വൈകിട്ട് ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ, കലൂർ പള്ളിയിൽ പ്രാർത്ഥനയ്ക്ക് ശേഷം സന്ധ്യയോടെ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്ന സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പരാതി ആദ്യം അവഗണിച്ച പൊലീസ് സി.സി ടിവി ഫുട്ടേജുകൾ രക്ഷിതാക്കൾ ഹാജരാക്കിയപ്പോഴാണ് അന്വേഷണം ഊർജിതമാക്കിയത്. അന്വേഷണം പിന്നീട് ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തി. ഫോൺ റെക്കാഡുകൾ പരിശോധിച്ചതിൽ നിന്ന്, പ്രേരണാ കുറ്റത്തിന് മിഷേലിന്റെ സുഹൃത്തായിരുന്ന പിറവം സ്വദേശി ക്രോനിൻ അലക്സാണ്ടർ ബേബിക്കെതിരെ കേസെടുത്തു.
തീരുമാനം വിചാരക്കോടതിയുടേത്
ക്രോനിൻ കുറ്റക്കാരനാണോ എന്ന് വിചാരക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇരുവരുടെയും സൗഹൃദത്തിന് മിഷേലിന്റെ വീട്ടുകാർ എതിരായിരുന്നുവെന്ന് വ്യക്തമാണ്. അവസാന ദിവസങ്ങളിലെ ഫോൺ വിളി വിവരങ്ങൾ നോക്കുമ്പോൾ ഇരുവരുടെ ബന്ധം വഷളായെന്ന സൂചനകളുണ്ട്. ക്രോനിന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത ഒരു അൺസെൻഡ് സന്ദേശം മനസ് ഉലയ്ക്കുന്ന വിധത്തിലുള്ളതാണെന്നും ഹൈക്കോടതി വിലയിരുത്തി.
മിഷേലിന്റെ മരണം: പൊലീസ് വിട്ടുകളഞ്ഞ കണ്ണികളേറെ
ഗ്രോശ്രീ പാലത്തിന് സമീപത്തിലൂടോ കടന്നുപോയ അമൽ ജോർജിന്റെ മൊഴിയാണ് പൊലീസ് ആധാരമാക്കിയത്. ആ സമയം ഇരുട്ടുണ്ടായിരുന്നു . മിഷേലിന്റെ വസ്ത്രവും അതിന്റെ നിറവും വിവരിച്ചത് ശരിയായിട്ടല്ല.
കോടതി കണ്ടെത്തലുകൾ
1. ഗോശ്രീ രണ്ടാം പാലത്തിന് കീഴെ സാക്ഷി പറഞ്ഞ ഇടം കേന്ദ്രീകരിച്ചാണ് കായലിൽ പരിശോധന നടത്തിയത്. ബാഗും വാച്ചും ഷൂസും കണ്ടെടുക്കാനായില്ല.
2. സാക്ഷിയായ അമലിനെ പൊലീസ് വ്യാജമായി ഹാജരാക്കിയതാണെന്ന മിഷേലിന്റെ വീട്ടുകാരുടെ വാദത്തിൽ കഴമ്പില്ല. വിവരം നൽകാൻ അമൽ സ്വമേധയാ ഹാജരായതാണ്.
3. കായലിൽ കിടന്ന മൃതദേഹത്തിന്റെ ജീർണത സംബന്ധിച്ച ശാസ്ത്രീയ പരിശോധനകൾക്ക് അത് കണ്ടെത്തിയ സ്ഥലത്തെ ജലസാമ്പിൾ മാത്രമാണ് ശേഖരിച്ചത്. പെൺകുട്ടി ചാടിയെന്ന പറയുന്നിടത്തെ വെള്ളം പൊലീസ് ശേഖരിച്ചില്ല.
4. പ്രതിചേർക്കപ്പെട്ട യുവാവ് ഡിലീറ്റ് ചെയ്ത 60 എസ്.എം.എസ് സന്ദേശങ്ങൾ വീണ്ടെടുത്തില്ല. ഇത് വീണ്ടെടുക്കാനാകുമോയെന്ന് ഇനിയും ശ്രമിക്കണം.
5. മട്ടാഞ്ചേരി വാർഫിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വേലിയിറക്കത്തിന്റെ ഫലമായാണ് ശരീരം ഒഴുകിയതെന്ന പൊലീസിന്റെ നിഗമനം ശരിയാണ്. എന്നാൽ ശരീരം വെള്ളത്തിൽ കിടന്ന 20 മണിക്കൂറിനിടെ എത്ര വേലിയിറക്കമുണ്ടായെന്ന് പഠനം നടത്തിയിട്ടില്ല.
6. മിഷേലിന്റെ വയറ്റിൽ ക്യാരറ്റിന്റെ അംശമുണ്ടായിരുന്നു. ഹോസ്റ്റൽ കിച്ചണിൽ ക്യാരറ്റ് ഉപയോഗിച്ചിരുന്നില്ല. മറ്റാർക്കെങ്കിലും ഒപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചിരിക്കാനുള്ള സാദ്ധ്യതകൾ വീട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും അന്വേഷിച്ചില്ല. ഏഴു വർഷം കഴിഞ്ഞതിനാൽ അന്വേഷിച്ചാലും കാര്യമില്ലെന്നും ജസ്റ്റിസ് സി.എസ്. സുധയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |