ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഓണപ്പുടവ സമർപ്പണ അനുഷ്ഠാനം ഉത്രാടനാൾ സന്ധ്യയിൽ. ഓണനാളിൽ ഭക്തർ കാവിൻപുറത്തെ ഉമാമഹേശ്വരൻമാർക്കും ഉപദേവതകൾക്കും ഓണക്കോടിയായി പുതുപുത്തൻ പുടവ സമർപ്പിക്കുന്ന അനുഷ്ഠാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എല്ലാവർഷവും ഉത്രാടനാളിലും തിരുവോണ നാളിലും ഓണക്കോടിയായി ഉമാമഹേശ്വരൻമാർക്ക് പുടവ സമർപ്പിക്കാൻ ഭക്തർ എത്താറുണ്ട്.
പുതിയ പുടവ ഉടയാടയായി വാഴയിലയിൽ വച്ച് അതിനുമുകളിൽ ഒരു നാണയവും ചേർത്ത് നടയിൽ സമർപ്പിച്ച് തൊഴുതു പ്രാർത്ഥിക്കുന്നതാണ് ഓണപ്പുടവ സമർപ്പണ അനുഷ്ഠാനം. പുതിയ പുടവ സമർപ്പിക്കുന്ന ഭക്തർ ദേവീദേവൻമാർക്ക് ഇതുവരെ ചാർത്തിവന്ന പഴയ പുടവ പ്രസാദമായി സ്വീകരിച്ച് വീടുകളിൽ പൂജാമുറിയിലും മറ്റും സൂക്ഷിക്കാറുണ്ട്. ഇന്നലെ ഉത്രാടസന്ധ്യയിൽ ദീപാരാധനക്ക് മുമ്പായി നിരവധി ഭക്തർ ഓണപ്പുടവ സമർപ്പിച്ചു. തിരുവോണ നാളായ ഇന്ന് രാവിലെ 7 മുതൽ 9 വരെ വ്യത്യസ്ത സമയങ്ങളിലായി ഓണപ്പുടവ സമർപ്പിക്കാൻ ഭക്തർക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കാവിൻപുറം ദേവസ്വം അധികൃതർ പറഞ്ഞു. ഉത്രാട സന്ധ്യയിൽ സമർപ്പിച്ച ആദ്യപുടവ കാവിൻപുറം മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി ശ്രീകോവിലിന് മുമ്പിൽ നിന്ന് ഏറ്റുവാങ്ങി. വിശേഷാൽ ദീപാരാധനയുമുണ്ടായിരുന്നു. ഇന്ന് ഓണപ്പായസ വിതരണവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |