കോഴിക്കോട്: ബോണസും ഓണറേറിയവും നൽകാതെ ഓണക്കാലത്തും റേഷൻ വ്യാപാരികൾക്ക് അവഗണന. ഓണറേറിയമായി 1000 രൂപയും ആഗസ്റ്റ് മാസത്തിലെ കമ്മിഷൻ മുൻകൂറായി അനുവദിച്ചുവെന്ന അറിയിപ്പ് വന്നെങ്കിലും വ്യാപാരികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കമ്മിഷൻ തുകയായ 51.26 കോടി അനുവദിച്ചതായാണ് മന്ത്രി പറഞ്ഞത്. 70 കോടിയോളം രൂപയാണ് രണ്ട് മാസത്തെ കമ്മിഷൻ തുക. ഓരോ വ്യാപാരിക്കും ഏകദേശം 8,000 മുതൽ 50,000 രൂപ വരെ കിട്ടും. ഇതിനുപുറമെയാണ് കിറ്റ് കമ്മിഷനും. കിറ്റ് കമ്മിഷൻ നൽകണമെന്ന സുപ്രീംകോടതി വിധിയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ഇനത്തിൽ 50ശതമാനം വ്യാപാരികൾക്ക് അനുവദിച്ചിരുന്നു. ബാക്കി തുക നൽകുന്നതിന് വീണ്ടും സാവകാശം ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേ സമയം എന്നാൽ പല താലൂക്കുകളിലും തുക ലഭിക്കാത്തവരുണ്ട്. തുക ലഭിച്ച ചില താലൂക്കുകളിൽ നിന്ന് വ്യാപാരികളുടെ സെപ്തംബർ മാസത്തേക്ക് അനുവദിച്ച റേഷൻ സാധനങ്ങളുടെ വില പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ ബാക്കിയൊന്നും ഇല്ലാത്ത അവസ്ഥയാണെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. വാതിൽ പടി വാഹന കരാറുകാരുടെ കുടിശ്ശിക നൽകാത്തത് കൊണ്ട് മെല്ലെ പോക്ക് നയം സ്വീകരിച്ച് വരുന്നതിനാൽ പല താലൂക്കിലും ഓണക്കാലമായിട്ട് പോലും കൃത്യമായി റേഷൻ എത്താത്ത അവസ്ഥയിലാണ്.
ആവശ്യങ്ങൾ ഇവ
@ റേഷൻ വിതരണ കമ്മിഷൻ കാലോചിതമായി പരിഷ്‌കരിക്കണം
@കിറ്റ് കമ്മിഷൻ നൽകണം
@കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകതകൾ പരിഹരിക്കണം
@ ഇ- പോസ് മെഷീന്റെ തകരാറുകൾ പരിഹരിക്കണം
@ ക്ഷേമനിധി ആനുകൂല്യം നൽകണം
ജില്ലയിലെ റേഷൻ കടകൾ-900
'' സർക്കാർ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ റേഷൻകടകൾ അടച്ചു കൊണ്ടുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകും''-
ടി.മുഹമ്മദാലി, സംസ്ഥാന സെക്രട്ടറി, ഓൾ കേരള റീട്ടെയിൽ റേഷൻ
ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |