പാലക്കാട്: കർഷകരുടെ സാമ്പത്തിക നഷ്ടവും ക്രമക്കേടും ഇല്ലാതാക്കി കുറ്റമറ്റരീതിയിൽ നെല്ലുസംഭരണം നടത്താനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വി.കെ.ബേബി കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ തീരുമാനം നീളുന്നു. ഇതോടെ നെല്ലറയിലെ നൂറുകണക്കിന് നെൽ കർഷകർ ആശങ്കയിൽ. സർക്കാരിന് റിപ്പോർട്ട് നൽകിയിട്ട് മാസം ഒമ്പതു കഴിഞ്ഞെങ്കിലും നിർദ്ദേശങ്ങളൊന്നും നടപ്പായിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ഈ സീസൺ മുതൽ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നായിരുന്നു പ്രതീക്ഷ. നടപടികൾ പൂർത്തിയാക്കി കൃഷിവകുപ്പ് മാസങ്ങൾക്ക് മുമ്പ് ഭക്ഷ്യവകുപ്പിന് റിപ്പോർട്ട് കൈമാറിയിരുന്നു. ചീഫ് സെക്രട്ടറി തലത്തിലും ഫയൽ എത്തിച്ചു. മുഖ്യമന്ത്രിതല നടപടികളാണ് ഇനി വേണ്ടത്. ഭക്ഷ്യവകുപ്പാണ് അതിന് മുൻകൈ എടുക്കേണ്ടത്. റിപ്പോർട്ടിൽ താമസിയാതെ തീരുമാനമെടുക്കുമെന്നാണ് വകുപ്പുകളുടെ ഇപ്പോഴത്തെ നിലപാട്.
അഴിച്ചുപണി വേണമെന്ന് റിപ്പോർട്ട്
2005 മുതൽ വികേന്ദ്രീകൃത രീതിയിൽ നടത്തുന്ന നെല്ലുസംഭരണ നടപടികളിൽ പൂർണ അഴിച്ചുപണി അടക്കമുള്ള നിർദേശങ്ങളാണു ഡോ.വി.കെ.ബേബി അദ്ധ്യക്ഷനായ വിദഗ്‌ദ്ധ സമിതിയുടേത്. കമ്മിറ്റിയുടെ കണ്ടെത്തലുകളിലും നിർദേശങ്ങളിലും ഉന്നത ഉദ്യോഗസ്ഥർക്കും വിയോജിപ്പില്ല.
രണ്ടു ലക്ഷത്തോളം നെൽക്കർഷകർക്കും അരി ഗുണഭോക്താക്കൾക്കും സർക്കാരിനും സപ്ലൈകോയ്ക്കും സാമ്പത്തിക നേട്ടത്തിനുള്ള വഴികൾക്കൊപ്പം, കർഷകരുടെ ദുരിതവും കടുത്ത പ്രതിസന്ധിയും ഏജന്റ്, രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ടിലെ അഴിമതിയും ഇല്ലാതാക്കാനുള്ള പ്രായോഗിക സംവിധാനവും റിപ്പോർട്ടിലുണ്ട്.
റജിസ്‌ട്രേഷൻ, സമയബന്ധിതമായി സംഭരണവും കർഷകർക്ക് ഉടൻ വിലനൽകലും, സ്വകാര്യ സംരംഭകർക്കും സംഭരണകേന്ദ്രങ്ങൾ, ഇടനിലക്കാരെ ഇല്ലാതാക്കൽ, സംസ്ഥാനത്തിന്റെ താങ്ങുവില പ്രത്യേകം നൽകൽ, മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കൽ തുടങ്ങി എല്ലാ തലത്തിലും കൃത്യമായ സംവിധാനവും കമ്മിറ്റി നിർദേശിക്കുന്നുണ്ട്. സംവിധാനം മെച്ചപ്പെടുത്തിയാൽ വർഷത്തിൽ കുറഞ്ഞത് 300 കോടിയുടെ സാമ്പത്തികനേട്ടം സംസ്ഥാനത്തിനുണ്ടാകുമെന്നും കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |