ന്യൂഡൽഹി : സി.പി.എം ജനറൽ സെക്രട്ടറിയും 'ഇന്ത്യ' സഖ്യത്തിന്റെ മുന്നണിപ്പോരാളിയുമായ സീതാറാം യെച്ചൂരിക്ക് രാജ്യം അന്ത്യയാത്ര നൽകി. ഓർമ്മയിലെ ചെന്താരകമായി ആ നിത്യമന്ദസ്മിതം പ്രശോഭിക്കും. കൊമ്രേഡ് സീതാറാം അമർ രഹേ, ലാൽസലാം മുദ്രാവാക്യങ്ങൾ മുഴങ്ങിനിന്ന അന്തരീക്ഷത്തിൽ ഭൗതികശരീരം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഡൽഹി എയിംസിന് കൈമാറി.
രാവിലെ ഡൽഹിയിലെ എ.കെ.ജി ഭവനിൽ പൊതുദർശത്തിനുവച്ച മൃതദേഹത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും എൻ.സി.പി ശരദ് വിഭാഗം നേതാവ് ശരദ് പവാറും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും വിവിധ ദേശീയ -- സംസ്ഥാന നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ വൻജനാവലി അന്ത്യോപചാരം അർപ്പിച്ചു.
ഇന്നലെ രാവിലെ 09.20ഓടെ വസന്ത് കുഞ്ചിലെ വസതിയിൽ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് എ.കെ.ജി ഭവനിലേക്ക് പുറപ്പെട്ടു. ഭാര്യ സീമ ചിസ്‌തി, മക്കളായ അഖില, ഡാനിഷ്, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്‌ണൻ, രാജ്യസഭ എം.പി വി. ശിവദാസൻ, സി.പി.എം പ്രവർത്തകർ, ബന്ധുക്കൾ എന്നിവർ ചേർന്നാണ് മൃതദേഹം വഹിച്ച പേടകം ആംബുലൻസിലെത്തിച്ചത്. 11 മണിക്കാണ് പൊതുദർശനം നടക്കേണ്ടിയിരുന്നതെങ്കിലും അതിനും മുൻപ് 10.15ഓടെ ഭൗതികശരീരം എ.കെ.ജി ഭവനിലെത്തിച്ചു. പ്രത്യേക പന്തലിലായിരുന്നു പൊതുദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |