തിരുവനന്തപുരം : ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല, അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാൻ. ഐതിഹ്യത്തിലെ സമത്വസുന്ദര കാലത്തിന്റെ ഓർമ ഓണത്തിലൂടെ പുതുക്കുമ്പോൾ അത്തരം സമൂഹങ്ങളെ സൃഷ്ടിക്കാനുള്ള പ്രചോദനവുമുണ്ടാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി-മത വ്യത്യാസങ്ങൾക്ക് അതീതമായ മാനസിക ഒരുമയുടെ ഉത്സവമായ ഓണത്തിന്റെ സ്നേഹസന്ദേശം ലോകമെങ്ങും എത്തിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു.
ചേർത്തുപിടിക്കാം വയനാടിനെ: മുഖ്യമന്ത്രി
തിരുവനന്തപുരം: മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതത്തെ അതിജീവിച്ചവേരാടുള്ള അനുകമ്പ നിറഞ്ഞതാവണം ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭവനങ്ങൾ പുനർനിർമ്മിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് എല്ലാവരും ഏർപ്പെട്ടിട്ടുള്ളത്. ഭേദചിന്തകൾക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ 'മാനുഷരെല്ലാരും ഒന്നു പോലെ' എന്ന് പഠിപ്പിക്കുന്ന ഓണ സങ്കൽപ്പം പ്രചോദനമാവട്ടെ.
ഓണം ശുഭപ്രതീക്ഷയുടെ പ്രതീകം: ഷംസീർ
തിരുവനന്തപുരം: ഏത് പ്രതിസന്ധിയിലും കൈവിടാത്ത ശുഭപ്രതീക്ഷയുടെ പ്രതീകമാണ് ഓണമെന്ന് സ്പീക്കർ എ.എൻ ഷംസീർ. വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ട സഹോദരങ്ങളുടെ സ്മരണയ്ക്കു മുന്നിൽ ഇത്തവണത്തെ ആഘോഷങ്ങളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ദുരിതക്കയങ്ങളെ താണ്ടാനുള്ള ശക്തിയും പ്രതീക്ഷയുമായി മാറട്ടെയെന്നും ഓണസന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ആത്മവിശ്വാസം നിറയട്ടെ: വി.ഡി.സതീശൻ
തിരുവനന്തപുരം: അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവും എല്ലാവരിലും നിറയ്ക്കുന്നതാകട്ടെ ഓണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശംസിച്ചു. പ്രതികൂല ജീവിത സാഹചര്യങ്ങളിൽ സന്തോഷിക്കാനും ഒന്നിച്ചു ചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമാണിത്.
നന്മയുടെ സന്ദേശം പകരാം: കെ.സുധാകരൻ
തിരുവനന്തപുരം : ദുരന്തമുഖത്ത് അതിജീവന വഴിതേടുന്ന വയനാട്ടിലെ ജനതയെ ചേർത്ത് നിറുത്തി നന്മയുടെ സന്ദേശം പകരുന്നതാവണം ഓണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഒത്തൊരുമയോടെയും പ്രതീക്ഷയോടെയും എല്ലാവരും ജീവിക്കുന്ന സുന്ദര കേരളമെന്ന ആശയം സ്വന്തം ജീവിതത്തിലേക്കും സമൂഹത്തിലേക്കും പ്രസരിപ്പിക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്.
ഓണാശംസ നേർന്ന് സ്റ്റാലിൻ
ചെന്നൈ: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പ്രജാതത്പ്പരനായ രാജാവിനെ ചതിയിലൂടെ വീഴ്ത്തിയാലും ജനഹൃദയങ്ങളിൽ നിന്ന് തുടച്ചു മാറ്റാനാകില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണമെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രകൃതി ദുരന്തത്തിന്റെ സങ്കടത്തിൽ പ്രതീക്ഷ നൽകാനാകട്ടെയെന്നും കേരളീയർക്ക് എന്തെങ്കിലും പ്രയാസമുണ്ടായാൽ ഉടൻ സഹായഹസ്തം നീട്ടാൻ തമിഴ്നാട് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണാഘോഷം: നടപടി പിൻവലിക്കണമെന്ന്
തിരുവനന്തപുരം: ഓണാഘോഷം നടത്തിയതിന് കോഴിക്കോട് ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയ ഭാരതീയചികിത്സാ വകുപ്പ് ഡയറക്ടറുടെ നടപടിക്കെതിരെ കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ഓണാഘോഷം നടത്തരുതെന്ന് ഗവ.സർക്കുലറോ വകുപ്പുതല സർക്കുലറോ നിലവിലില്ല. ഒ.പിയോ കിടത്തി ചികിത്സയോ തടസപ്പെടാതെ ഓണാഘോഷം നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ട നടപടി പിൻവലിക്കണം. മന്ത്രിക്കും ആയുഷ് ഡയറക്ടർക്കും പരാതി നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.കൃഷ്ണകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.ജെ.സെബി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |