കൊച്ചി: രൂപയുടെ മൂല്യവർദ്ധന നിയന്ത്രിക്കാനായി റിസർവ് ബാങ്ക് വിപണിയിൽ നിന്ന് ഡോളർ വാങ്ങികൂട്ടിയതോടെ ഇന്ത്യയുടെ വിദേശ നാണയശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് സെപ്‌തംബർ ആറിന് അവസാനിച്ച വാരത്തിൽ വിദേശ നാണയശേഖരം 530 കോടി ഡോളറിന്റെ വർദ്ധനയോടെ 68,924 കോടി ഡോളറായി. രൂപയുടെ മൂല്യം സ്ഥിരതയിൽ നിലനിറുത്താൻ റിസർവ് ബാങ്കിന്റെ വിപണി ഇടപെടലുകൾ ഒരുപരിധി വരെ സഹായിച്ചു. ഡോളർ, യൂറോ, യെൻ തുടങ്ങിയ നാണയങ്ങളുടെ ശേഖരത്തിന്റെ മൂല്യം സെപ്‌തംബർ ആദ്യ വാരത്തിൽ 60414 കോടി ഡോളറായി ഉയർന്നു. സ്വർണ ശേഖരത്തിന്റെ മൂല്യം 619.88 കോടി ഡോളറിലെത്തി. സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്‌സുകളുടെ മൂല്യം 184.72 കോടി ഡോളറാണ്.
യൂറോപ്യൻ സെൻട്രൽ ബാങ്ക്(ഇ.സി.ബി) മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ദുർബലമായ ഡോളർ റിസർവ് ബാങ്ക് വിപണിയിൽ നിന്ന് വലിയ തോതിൽ വാങ്ങിയത്.
ലോകത്തിൽ നാലാം സ്ഥാനം
ലോകത്ത് ഏറ്റവുമധികം വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. 3.29 ലക്ഷം കോടി ഡോളർ ശേഖരവുമായി ചൈനയാണ് ഒന്നാമത്. 1.24 ലക്ഷം കോടി ഡോളറുമായി ജപ്പാനും 80,423 കോടി ഡോളറുമായി സ്വിറ്റ്സർലൻഡും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
നാല് വർഷത്തിനിടെ വർദ്ധന
23,000 കോടി ഡോളർ
ഗുണങ്ങൾ
രൂപയുടെ ചാഞ്ചാട്ടം കുറയും
ആഗോള മേഖലയിലെ പ്രതിസന്ധികൾ അതിജീവിക്കാം
സാമ്പത്തിക മേഖലയ്ക്ക് സ്ഥിരത നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |