ന്യൂഡൽഹി : സ്വന്തം ശരീരവും സമൂഹത്തിനായി സമർപ്പിച്ചാണ് സീതാറാം യെച്ചൂരി മടങ്ങിയത്. മൃതദേഹം ഇനി എയിംസിലെ അനാട്ടമി വകുപ്പിൽ മെഡിക്കൽ വിദ്യാർത്ഥികൾ പഠനവിധേയമാക്കും. അതിനുള്ള അനുമതിപത്രം ഭാര്യ സീമ ചിസ്‌തിയും മക്കളായ അഖിലയും ഡാനിഷും ചേർന്ന് എയിംസ് അധികൃതർക്ക് കൈമാറി. സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറിയായിരിക്കെ മരിക്കുന്ന ആദ്യ നേതാവാണ് യെച്ചൂരി. അതിനനുസരണമായ അന്ത്യാഞ്ജലിയാണ് ധീരസഖാവിന് ലഭിച്ചത്. മലയാളത്തിലടക്കം വിപ്ലവ മുദ്രാവാക്യം വിളിയുയർന്നു.
ഭൗതികശരീരത്തിൽ ആദ്യം പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ റീത്ത് വച്ച് അഭിവാദ്യമർപ്പിച്ചു. പാർട്ടി പതാക പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി, സുഭാഷിണി അലി, മണിക് സർക്കാർ, തപൻ സെൻ, ബി.വി.രാഘവലു, നീലോത്പൽ ബസു, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ,കെ.രാധാകൃഷ്‌ണൻ,പി.കെ. ശ്രീമതി,ഇ.പി. ജയരാജൻ,ടി.എം. തോമസ് ഐസക്,കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്,പി. സതീദേവി,സി.എസ്. സുജാത എന്നിവർ അന്ത്യാഭിവാദ്യമർപ്പിച്ചു. വൈകുന്നേരം 03.08ഓടെ എ.കെ.ജി ഭവനിൽ നിന്ന് ആരംഭിച്ച വിലാപയാത്ര നാലുമണിയോടെ സി.പി.എമ്മിന്റെ ആദ്യകാല ഓഫീസ് പ്രവർത്തിച്ചിരുന്ന അശോകറോഡിലെ 14ാം നമ്പർ കെട്ടിടത്തിന് മുന്നിൽ അവസാനിച്ചു. നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും കാൽനടയായാണ് അനുഗമിച്ചത്. അവിടെനിന്ന് 04.40ഓടെ എയിംസിലെത്തിച്ച ഭൗതികശരീരം നടപടിക്രമങ്ങൾക്കു ശേഷം അനാട്ടമി വകുപ്പിന് കൈമാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |