തിരുവനന്തപുരം: കേരകർഷകരെ പ്രതികൂലമായി ബാധിക്കുംഎന്ന കാരണത്താൽ പതിനേഴുവർഷമായി കേരളത്തിലെ തുറമുഖങ്ങളിൽ നിലനിൽക്കുന്ന പാമോയിൽ ഇറക്കുമതി നിയന്ത്രണം തുടരണോയെന്നതിൽ സംസ്ഥാനം വിശദപഠനം നടത്തുന്നു. ഇക്കാര്യത്തിൽ കേന്ദ്രം അഭിപ്രായം തേടിയതോടെയാണിത്. പഠനം നടത്താൻ വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തും. കഴിഞ്ഞ ദിവസം കൃഷി വകുപ്പ് വിളിച്ച് ചേർത്ത വിവിധ വകുപ്പു മേധാവികൾ പങ്കെടുത്ത യോഗത്തിലെ തീരുമാനമാണിത്.
പാമോയിൽ ഇറക്കുമതി നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന് (ഡി.ജി.എഫ്.ടി) കേരള എക്‌സപോർട്ടേഴ്‌സ് ഫോറം നിവേദനം നൽകിയിരുന്നു. അവരുടെ ഗവേഷണ വിശകലന വിഭാഗം ഈ വർഷം ജൂലായിൽ തയ്യാറാക്കിയ പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിനും കൈമാറിയിരുന്നു. ഈ റിപ്പോർട്ടും കഴിഞ്ഞ ദിവസം വകുപ്പ് മേധാവികളുടെ യോഗത്തിൽ ചർച്ചയായി. വിശദമായ പഠനങ്ങളിലൂടെ ലഭിക്കുന്ന കണക്കുകൾ വിലയിരുത്തിയാവണം അന്തിമ തീരുമാനമെന്ന് യോഗത്തിൽ ധാരണയായി.
എങ്കിലും ഇവിടേക്ക്
പാമോയിൽ വരുന്നുണ്ട്
1. ഇവിടെ ഇറക്കുമതി വിലക്കുണ്ടെങ്കിലും അയൽ സംസ്ഥാന തുറമുഖങ്ങളിലൂടെ പാമോയിൽ എത്തുന്നതിനു തടസ്സമില്ല. മംഗളൂരു, തൂത്തുക്കുടി തുറമുഖങ്ങളിൽ ഇറക്കുമതി ചെയ്ത ശേഷം റോഡ് മാർഗം കേരളത്തിലേക്ക് പാമോയിൽ എത്തുന്നുണ്ട്.
2. വി.എസ് സർക്കാരിന്റെ കാലത്ത് 2007ലാണ് ഡി.ജി.എഫ്.ടി സംസ്ഥാനത്ത് പാമോയിൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയത്. കേരള നാളികേര വികസന ബോർഡിന്റെ ശുപാർശ കണക്കിലെടുത്തായിരുന്നു നടപടി. 2021ലും കേന്ദ്രം അഭിപ്രായം തേടിയെങ്കിലും നിയന്ത്രണം തുടരണമെന്നായിരുന്നു കേരളത്തിന്റെ മറുപടി.
3. ഇറക്കുമതി നിയന്ത്രണം തുടരണമെന്നത് എൽ.ഡി.എഫിന്റെ നയം കൂടിയാണ്. വ്യവസായ വകുപ്പ് ചുമതലപ്പെടുത്തുന്ന ഏജൻസി വിശദപഠനം നടത്തി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫിൽ ചർച്ച ചെയ്തശേഷം തീരുമാനമെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |