കൊച്ചി: ഇതുവരെ സ്വന്തമാക്കാനാകാത്ത കിരീടം തേടി തിരുവോണനാളിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിന്റ പതിനൊന്നാം എഡിഷനിലെ യാത്രതുടങ്ങുന്നു. ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ്.സിയെ നേരിടും.കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. മിന്നുംജയത്തോടെ പൊന്നോണാഘോഷം ഗംഭീരമാക്കി കിരീടത്തിലേക്ക് കുതിക്കുകയാണ് ടീമിന്റെ ലക്ഷ്യം. സ്റ്റേഡിയത്തിലേക്ക് പകുതി സീറ്റുകളിലേക്ക് മാത്രമേ പ്രവേശനമുള്ളൂ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കുതിപ്പ് പ്ലേഓഫിൽ തടർന്നടിഞ്ഞിരുന്നു.
ബ്ലാസ്റ്റിന് ബ്ലാസ്റ്റേഴ്സ്
ആരാധകരുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി ബ്ലാസ്റ്റേഴ്സിവന്റെ പ്രധാന പരിശീലക സ്ഥാനം ഏറ്റെടുത്ത മിഖായേൽ സ്റ്റാറെയുടെ തന്ത്രങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ടീം ഇറങ്ങുന്നത്. തായ്‌ലാൻഡിലും കൊൽക്കത്തയിലുമായിരുന്നു ടീം മുന്നൊരുക്കം നടത്തിയത്. ഡ്യൂറാൻഡ് കപ്പിലും തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് നിർണായക സമയത്ത് കാലിടറുകയായിരുന്നു.
സൂപ്പർ ടീം
എഫ്.സി ഗോവയിൽ നിന്നെത്തിയ മൊറോക്കൻ മുന്നേറ്റക്കാരൻ നോഹ സദോയിയാണ് മഞ്ഞപ്പടയുടെ പുതിയ തുറപ്പുചീട്ട്. സ്പാനിഷ് താരം ജീസസ് ജിമെനെസും പ്രതീക്ഷയാണ്. ഉറുഗ്വേക്കാരൻ അഡ്രിയാൻ ലൂണയാണ് തുടർച്ചയായ രണ്ടാംസീസണിലും ടീംനായകൻ. പ്രതിരോധതാരം മിലോസ് ഡ്രിൻസിച്ചാണ് വൈസ് ക്യാപ്ടൻ.
പരിക്കിൽനിന്ന് മുക്തനായ സച്ചിൻ സുരേഷായിരിക്കും ഒന്നാംനമ്പർ ഗോൾകീപ്പർ. നോറ ഫെർണാണ്ടസ്, സോംകുമാർ എന്നിവരാണ് മറ്റു ഗോൾകീപ്പർമാർ. പ്രതിരോധം: ഐബൻബ ഡോഹ്‌ലിംഗ്, അലെക്‌സാൻഡ്രെ കൊയെഫ്, റുയ്‌വാ ഹോർമിപാം, മിലോസ് ഡ്രിൻസിച്ച്, ഹുയ്‌ദ്രോം നവോച്ചസിംഗ്, പ്രബീർദാസ്, പ്രീതംകോട്ടൽ, സന്ദീപ്‌സിംഗ്. മദ്ധ്യനിര: അഡ്രിയാൻ ലൂണ, ബ്രൈസ് മിറാൻഡ, ഡാനിഷ് ഫാറൂഖ്, ഫ്രെഡ്ഡി ലല്ലംമാവ്മ, മുഹമ്മദ് അയ്‌മെൻ, മുഹമ്മദ് അസ്ഹർ, റെന്ത്‌ലെയ് ലാൽതൻമാവിയ, സൗരവ് മണ്ഡൽ, സുഖം യൊയ്‌ഹെൻബ മെയ്തി, വിബിൻ മോഹനൻ. മുന്നേറ്റം: ഇഷാൻ പണ്ഡിത, ക്വാമി പെപ്ര, നോഹ സദൂയ്, കെ.പി രാഹുൽ, എം.എസ് ശ്രീക്കുട്ടൻ.
പഞ്ചാബി പവർ
കഴിഞ്ഞ സീസണിൽ ഐ ലീഗ് ചാമ്പ്യൻമാരായി ഐ.എസ്.എലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്.സി ലീഗിലെ ഉത്തരേന്ത്യയിൽ നിന്നുള്ള ഏക ടീമാണ്. കന്നിസീസണിൽ കാര്യമായ പ്രകടനം നടത്താനായില്ല. 26അംഗടീമിൽ ലൂക്കാ മജ്‌സെൻ, മുഷാഗ ബകെംഗ, എസ്‌ക്വൽ വിദാൽ, ഇവാൻ നോവോസെലെച്ച്, അസ്മിർ സുൽജിക്, ഫിലിപ്പ് മിഴ്‌ലാക്ക് എന്നിവരാണ് വിദേശികൾ. വിനിത് റായ്, നിന്തോയിംഗൻബ മീതേയ്, മുഹീത് ഷബീർ, മലയാളി താരം നിഹാൽ സുധീഷ്, ലിക്മാബാം രാകേഷ് സിംഗ് എന്നീ ഇന്ത്യ താരങ്ങൾ പുതുതായി ടീമിലെത്തി.
പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇത്തവണ ടീമിനെ ഒരുക്കിയത്.യുവത്വവും അനുഭവപരിചയവും ടീമിനെ സമതുലിതമാക്കുന്നു.
പനാഗിയോട്ടിസ് ഡിംപെരിസ്,
പഞ്ചാബ് എഫ്‌സിപരിശീലകൻ
ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ടീമിന് വലിയ ആരാധക പിന്തുണയുള്ളത് ഗ്രൗണ്ടിൽ നിർണായകമാകും. ടീമിന്റെ മുന്നൊരുക്കത്തിൽ പൂർണ സംതൃപ്തനാണ്
മിക്കേൽ സ്റ്റാറെ,
ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |