ന്യൂഡൽഹി: കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകളുമായി രാഷ്‌ട്രപതി ദ്രൗപതി മുർമു. സമാധാനവും സമൃദ്ധിയും ക്ഷേമവും നിറഞ്ഞ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകൾ നേരുകയാണെന്ന് എക്‌സിൽ കുറിച്ച ആശംസകളിലൂടെ രാഷ്‌ട്രപതി അറിയിച്ചു. പുതിയ വിളവെടുപ്പിന്റെ ഈ ആഘോഷവേളയിൽ പ്രകൃതിയോട് നന്ദി അറിയിക്കുന്നതായി പറഞ്ഞ രാഷ്‌ട്രപതി എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ എന്നും ആശംസിച്ചു.
സന്തോഷകരമായ ഓണം ഏവർക്കുമുണ്ടാകട്ടെ എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. ലോകമാകെയുള്ള മലയാളിസമൂഹം ഓണം ആവേശത്തോടെ ആഘോഷിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.
എല്ലാ മലയാളികൾക്കും ഓണാശംസ നേർന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ് എന്ന് പറഞ്ഞു. മുൻപെങ്ങോ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിൽ പറഞ്ഞു. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളായി ഓണാഘോഷങ്ങളെ അർത്ഥവത്താക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൂക്കളം പോലെ ശോഭയാർന്നതും പായസത്തിന്റെ രുചി പോലെ മധുരമുള്ളതുമാകട്ടെ ഓണക്കാലമെന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൾക്കറും ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |