മീററ്റ്: മൂന്ന് നില കെട്ടിടം തകർന്നുവീണ് പത്ത് മരണം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ശനിയാഴ്‌ച വൈകിട്ട് 5.15ഓടെ മീററ്റിലെ സാകിർ നഗർ മേഖലയിലെ മൂന്ന് നിലകെട്ടിടമാണ് തകർന്നത്. സംഭവസമയത്ത് 15 പേരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്.11 പേരെ അവശിഷ്‌ടങ്ങൾ നീക്കി പുറത്തെത്തിച്ചു. എന്നാൽ ഇവരിൽ പത്ത് പേരും മരിച്ചു.
സാജിദ്(40), മകൾ സാനിയ(15), മകൻ സാക്വിബ്(11), സിമ്ര (ഒന്നര വയസ്), റീസ(7), നഫോ(63), ഫർഹാന(20), അലീസ(18), ആലിയ(6) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവമുണ്ടായയുടൻ പൊലീസും അഗ്നിരക്ഷാ സേനയും പിന്നീട് ദേശീയ ദുരന്തനിവാരണ സേനയും എത്തി രക്ഷാപ്രവർത്തനം നടത്തി.മരിച്ചവരിൽ ഒൻപതുപേർ ഒരേകുടുംബത്തിലെ അംഗങ്ങളാണ്.
കെട്ടിടം ഉടമ സ്ഥലത്ത് ഒരു ഡെയറിഫാം നടത്തിയിരുന്നു. അതിനാൽ തന്നെ രണ്ട് ഡസനിലധികം പോത്തുകൾ ഇതിനിടയിൽ കുടുങ്ങിപ്പോയി. ഇവയെയും പുറത്തെത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. ദിവസങ്ങൾക്കകം ഉത്തർ പ്രദേശിൽ നടക്കുന്ന രണ്ടാമത് സമാനമായ സംഭവമാണിത്. സെപ്‌തംബർ ഏഴിന് ലക്‌നൗവിൽ മൂന്ന് നിലകെട്ടിടം തകർന്ന് എട്ടുപേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |