ഇൻഡോർ: അമിതവേഗത്തിൽ തെറ്റായവഴിയിലൂടെ കാറോടിച്ച് അപകടമുണ്ടാക്കിയ യുവാവ് കുതിച്ചുപാഞ്ഞത് സുഹൃത്തിന് പിറന്നാൾ കേക്ക് നൽകാൻ. ഗജേന്ദ്ര പ്രതാപ് സിംഗ് (28) ബിഎംഡബ്ളിയു കാറിൽ അമിതവേഗത്തിൽ പോകുന്നതിനിടെ സ്‌കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന രണ്ട് യുവതികളെ ഇടിച്ചാണ് അപകടമുണ്ടായത്. ലക്ഷ്‌മി തോമർ(24), ദീക്ഷ ജാദോൺ(25) എന്നിവരാണ് അപകടത്തിൽ പെട്ട് മരിച്ചത്. ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. ഇൻഡോറിലെ മഹാലക്ഷ്‌മി നഗർ മേഖലയിലാണ് അപകടമുണ്ടായത്.
ഗ്വാളിയോർ സ്വദേശിയും സൺസിറ്റിയിൽ താമസക്കാരനുമാണ് പ്രതി ഗജേന്ദ്ര പ്രതാപ് സിംഗ്. സുഹൃത്തിന്റെ ജന്മദിനത്തിൽ പങ്കെടുക്കാൻ കേക്കുമായി പോകുമ്പോഴാണ് ഇയാൾ അപകടമുണ്ടാക്കിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഞായറാഴ്‌ച രാത്രി 11.30ഓടെയാണ് സംഭവം ഉണ്ടായത്. ഇടിയിൽ റോഡിലേക്ക് തെറിച്ചുവീണ യുവതികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഖജ്‌റാന പൊലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |