മലപ്പുറം: തിരുവാലിയിൽ നിപ ബാധിച്ച് 24കാരൻ മരിച്ചതിനുപിന്നാലെ മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. ആളുകൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് ഉത്തരവിറക്കി.തിരുവാലി, മാമ്പാട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലേതാണ് തീരുമാനം.തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് എന്നീ വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗളുരുവിൽ വിദ്യാർത്ഥിയായ 24കാരന്റെ പ്രാഥമിക സമ്പർക്ക പട്ടികയടക്കം തയ്യാറാക്കി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായി മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുവരെ 151 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യുവാവ് യാത്ര ചെയ്തിട്ടുമുണ്ട്, ഇവരുടെ എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡിലെ ജനങ്ങൾ ശ്രദ്ധിക്കേണ്ടത്
1. പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ല.
2. വ്യാപാര സ്ഥാപനങ്ങൾ രാവിലെ പത്ത് മുതൽ വൈകുന്നേരം ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.മെഡിക്കൽ സ്റ്റോറുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
3. സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കാൻ പാടില്ല.
4. സ്‌കൂളുകൾ, കോളേജുകൾ, മദ്രസ്സകൾ അംഗണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.
ജില്ലയിലെ പൊതുനിയന്ത്രണങ്ങൾ
1. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം.
2. പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്‌ക് ധരിക്കണം.
3. സ്‌കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ സ്‌കൂൾ പ്രവൃത്തിസമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം.
4. കല്യാണം/മരണം/മറ്റ് ആഘോഷങ്ങൾ എന്നിവയിലും കൂടിച്ചേരലുകൾ പരമാവധി കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
5. പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഡോക്ടറുടെ ഉപദേശം തേടുക. പകരുന്ന സാഹചര്യമുണ്ടായാൽ 0483-2732010, 0483-2732050 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കണം.
6. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ മുതലായവ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്ന് താഴെ വീണുകിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |