ബംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ് (29), കാമുകൻ ലവ്‌ലേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. പവിത്രയുടെ അമ്മ ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.
വിവാഹിതയായ പവിത്രയ്ക്ക് 20കാരനുമായുള്ള ബന്ധം ജയലക്ഷ്മി അറിഞ്ഞതിന് പിന്നാലെ ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലയ്ക്ക് കാരണം. ജയലക്ഷ്മിയുടെ മരണം അപകടമരണമാണെന്ന് വരുത്തിതീർക്കാനും ഇരുവരും ശ്രമിച്ചു. ജയലക്ഷ്മി ശുചിമുറിയിൽ കാലുതെന്നി വീണതിനെത്തുടർന്ന് ബോധം പോയെന്നും ശേഷം മുറിയിൽ കൊണ്ടുവന്ന് കിടത്തിയപ്പോഴേയ്ക്കും മരണപ്പെട്ടുവെന്നുമാണ് ആദ്യം പവിത്ര പൊലീസിന് മൊഴി നൽകിയത്. പിന്നാലെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
എന്നാൽ ശ്വാസം മുട്ടി മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പവിത്ര കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനുമായി ഗൂഢാലോചന നടത്തിയതിന് ശേഷമാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പവിത്ര പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ കാമുകനും ഇക്കാര്യം സമ്മതിച്ചു.
ജയലക്ഷ്മിയുടെ വീട്ടിൽ ലവ്‌ലേഷ് വാടകയ്ക്ക് താമസിച്ചിരുന്നു. ഒരു വർഷമായി പവിത്ര ഇയാളുമായി പ്രണയത്തിലാണ്. പ്രായത്തിൽ ഇളയതായ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വിവാഹിതയായ പവിത്രയോട് അമ്മ പലവട്ടം ആവശ്യപ്പെട്ടിരുന്നു. ജയലക്ഷ്മി പലതവണ താക്കീത് നൽകിയിട്ടും യുവതി ബന്ധം തുടർന്നു. ഇതിനിടെ ജയലക്ഷ്മി കടുത്ത താക്കീത് നൽകിയതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 11 വർഷം മുൻപായിരുന്നു പവിത്രയുടെ വിവാഹം. ഇവർക്ക് രണ്ട് മക്കളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |