തലശ്ശേരി: തലശ്ശേരിയിലെ ഉമ്മവീട് പകർന്ന രാഷ്ട്രീയ ബോദ്ധ്യങ്ങളായിരുന്നു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ കൈമുതൽ. കോടിയേരി വില്ലേജിലാണ് ഉമ്മ എ.എൻ. സറീനയുടെ വീട്. വാപ്പയുടെ വീട് തലശ്ശേരി നഗരത്തിലും. വാപ്പ ഉസ്മാൻ കോമത്ത് മർച്ചന്റ് നേവിയിലായിരുന്നു. തന്റെ ചെറുപ്പകാലമെല്ലാം ചെലവഴിച്ച ഉമ്മവീട് സജീവ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഇടമായിരുന്നെന്ന് ഷംസീർ ഓർക്കുന്നു. തലശ്ശേരി കലാപത്തിൽ ദുരന്തം സഹിച്ച കുടുംബമാണ് സറീനയുടേത്.
കലാപകാരികൾ വീട് ആക്രമിക്കാൻ വന്നപ്പോൾ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ് എം.വി. രാജഗോപാൽ അടക്കമുള്ള സി.പി.എം പ്രവർത്തകരാണ് രക്ഷകരായെത്തിയത്. അതോടെ ആ കുടുംബം ഇടതുപക്ഷമായി.
എന്തൊക്കെയായാലും പഠനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്ന നിർബന്ധം ഉമ്മയ്ക്കുണ്ടായിരുന്നെന്ന് ഷംസീർ ഓർക്കുന്നു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
പരേതരായ കെ.പി. അബൂബക്കറിന്റെയും എ.എൻ. ആസിയുമ്മയുടെയും മകളാണ്. മറ്റു മക്കൾ: എ.എൻ. ഷാഹിർ (ബിസിനസ്), എ.എൻ. ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ.കെ. നിഷാദ് (മസ്‌കറ്റ്). സഹോദരങ്ങൾ: എ.എൻ. ജമീല, എ.എൻ. റംല, എ.എൻ. റഹ്മ, എ.എൻ. സാബിറ, എ.എൻ. അബ്ദുൾ സലാം, എ.എൻ. വാഹിദ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |