കൊച്ചി: ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. ഇടുക്കി ജില്ലാ കളക്ടർക്കാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
സ്ഥലം എച്ച്.എൻ.എല്ലിന്റേതാണെന്ന ലാൻഡ് റവന്യു കമ്മിഷണറുടെ ഉത്തരവിനെതിരെ വി.എക്‌സ്. ആൽബിൻ, വി.എസ്.ബാബുരാജ് എന്നിവർ സമർപ്പിച്ച ഹർജികൾ കോടതി തളളി. റവന്യു രേഖകളിൽ തിരിമറി നടത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന് ലാൻഡ് റവന്യു കമ്മിഷണർ ശുപാർശ ചെയ്തിരുന്നു. പരാതിക്കാരുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
51 ഹെക്ടർ സ്ഥലമാണ് സർക്കാർ പൊതുമേഖലാ കമ്പനിയായ ന്യൂസ് പ്രിന്റിന് യൂക്കാലി മരം വളർത്താനും മറ്റുമായി അനുവദിച്ചിരുന്നത്. ആൽബിൻ 2.80 ഏക്കറിനും ബാബുരാജ് 3.25 ഏക്കറിനും അവകാശവാദം ഉന്നയിക്കുകയായിരുന്നു. ലാൻഡ് റവന്യു കമ്മിഷണറുടെ ഉത്തരവിൽ തെറ്റില്ലെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി. സർക്കാർ ജീവനക്കാരുമായി ചേർന്ന് ഹർജിക്കാർ വ്യാജരേഖ ചമച്ചു. സർവേ നമ്പർപോലും തെറ്റായിരുന്നു. രാഷ്ട്രീയ നേതാവ് കൂടിയായ ആൽബിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |