കോട്ടയം: ഹോട്ടലിൽ നിന്ന് പാഴ്സൽ ഓണസദ്യ വാങ്ങിയവരുടെ എണ്ണം കൂടിയത് നാടൻ പച്ചക്കറി, നാളികേര കർഷകരുടെ വയറ്റത്തടിച്ചു. തമിഴ്നാട്ടിൽ നിന്ന് വൻതോതിലാണ് പച്ചക്കറിയും, തേങ്ങയും എത്തിയത്. കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വിപണി പേരിന് മാത്രമായതും തിരിച്ചടിയായി. ഓണസദ്യയിൽ പായസത്തിന് നാടൻ തേങ്ങയായിരുന്നു ഉപയോഗിച്ചു വന്നിരുന്നത്.
അദ്ധ്വാനഭാരം കുറക്കാൻ റെഡിമിക്സ് പായസത്തിലേക്ക് ജനം തിരിഞ്ഞതോടെ തേങ്ങയുടെ ഡിമാൻഡ് കുറച്ചു. ഓണക്കാലമായിരുന്നു പണ്ട് നാളികേരത്തിന് ഏറെ ഡിമാൻഡുള്ള കാലം. കിലോയ്ക്ക് 42 രൂപ വരെ യായിരുന്നു തമിഴ്നാട്ടിൽ നിന്നുള്ള വിളവ് കുറഞ്ഞ തേങ്ങയുടെ വില. നാടൻ തേങ്ങ മൊത്ത കച്ചവടക്കാർ കിലോയ്ക്ക് 32 -35 രൂപക്കാണ് എടുത്തത്. കിലോയ്ക്ക് 80- 100 രൂപ വരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നാടൻ നേന്ത്രക്കായ് കൃഷി ചെയ്തവർക്ക് 50 രൂപയിൽ താഴെയേ ലഭിച്ചുള്ളൂ.
നാടൻ പച്ചക്കറിയുടെ അവസ്ഥയും സമാനമായിരുന്നു. സർക്കാരും, സഹകരണ ബാങ്കുകളും നാടെങ്ങും ഓണച്ചന്തകൾ തുടങ്ങി സബ് സിഡി നിരക്കിൽ പച്ചക്കറി വില്പന തുടങ്ങിയെങ്കിലും കർഷകർക്ക് കൈത്താങ്ങായില്ല. ചുരുക്കത്തിൽ ഇക്കുറി നല്ല വിളവ് ലഭിച്ചിട്ടും കർഷകർക്ക് കണ്ണീര് മാത്രമായിരുന്നു.
വില വർദ്ധനയുടെ ഗുണം ലഭിക്കുന്നില്ല
നാളികേരത്തിന് വില വർദ്ധിച്ചാലും കർഷകന് ലഭിക്കുന്നത് 35 രൂപയിൽ താഴെയാണ്. കടകളിൽ വില്പനയ്ക്കെത്തുന്ന തേങ്ങയുടെ 80 ശതമാനവും തമിഴ്‌നാട്ടിൽ നിന്നാണ്. അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും ചെയ്യുന്നത്. വരും വർഷങ്ങളിലെങ്കിലും വിതരണ സംവിധാനത്തിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്. ജില്ലയിൽ കുമരകം, വെച്ചൂർ, വൈക്കം, തലയാഴം എന്നിവിടങ്ങളിലാണ് നാളികേരം കൂടുതലായി ഉത്പ്പാദിപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |