മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻപൊലിഞ്ഞവരുടെ ആത്മശാന്തിക്കായി തിരുവോണ ദിനത്തിൽ പ്രാർത്ഥനയുമായി ബന്ധുക്കളും നാട്ടുകാരും. ചൂരൽമല മഹാശിവക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തുമലയിലെ പൊതുശ്മശാനത്തിലെ കുഴിമാടങ്ങളിൽ പൂക്കളർപ്പിച്ചു. പ്രത്യേക പ്രാർത്ഥനയും നടത്തി. ജാതിമത ഭേദമന്യേയായിരുന്നു പ്രാർത്ഥന.
മരിച്ചവരുടെ ബന്ധുക്കൾ പലരും കുടുംബസമേതമാണ് എത്തിയത്. സങ്കടം സഹിക്കാനാകാതെ പലരും പൊട്ടിക്കരഞ്ഞു. 280ഓളം മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിച്ചത്. ഇതിൽ തിരിച്ചറിഞ്ഞത് 40ഓളം പേരുടേതുമാത്രം. തിരിച്ചറിഞ്ഞവരുടെ കുഴിമാടത്തിൽ അവരുടെ പേരുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയാത്തവരുടേതിൽ പ്രത്യേക നമ്പറുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡി.എൻ.എ പരിശോധിച്ച് തിരിച്ചറിയുന്ന മൃതദേഹങ്ങൾ ബന്ധുക്കളുടെ ഇഷ്ടപ്രകാരം അവരുടെ മതാചാരപ്രകാരം മാറ്റി സംസ്‌കരിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ദുരന്തം നടന്ന് 50 ദിവസം പിന്നിടുമ്പോഴും 68 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |