ചെന്നൈ: കസവുകരയുള്ള കോടി മുണ്ടും പച്ച ഷർട്ടും ധരിച്ച് മലയാളി ടച്ചിൽ ചുവടുവച്ച് സൂപ്പർ സ്റ്റാർ രജനികാന്ത് കേരളീയർക്ക് ഓണാശംസ നേർന്നു. 'കൂലി" സിനിമയുടെ സെറ്റിൽ നിന്നാണ് മലയാളികൾക്കായി രജനികാന്തിന്റെ സർപ്രൈസ് വീഡിയോ എത്തിയത്. രജനികാന്ത് ചിത്രമായ വേട്ടയ്യനിലെ 'മനസിലായോ" പാട്ടിനാണ് താരവും കൂലി സെറ്റിലെ അണിയറപ്രവർത്തകരും ചുവടുവച്ചത്. ''ചേട്ടൻ വന്നല്ലേ, പേട്ട തുള്ളാൻ വന്നല്ലേ..."" എന്നിങ്ങനെയാണ് വരികൾ.
കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലായിട്ടാണ് രജനികാന്തിന്റെയും സംഘത്തിന്റെയും നൃത്തം. മലയാളി ക്യാമറാമാൻ ഗിരീഷ് ഗംഗാധരനും രജനിക്കൊപ്പം ചുവടുവച്ചു. സംവിധായകൻ ലോകേഷിനെ രജനികാന്ത് ഡാൻസിന് ക്ഷണിക്കുന്നതും കാണാം. ചുവടുകൾക്കൊടുവിൽ പതിവുരീതിയിൽ ചടുലമായ ആക്ഷനോടെയാണ് രജനികാന്ത് വീഡിയോ അവസാനിപ്പിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ടി.ജെ.ജ്ഞാനവേലിന്റെ സംവിധാനത്തിലെ വേട്ടയ്യൻ ഒക്ടോബർ 10ന് റിലീസ് ചെയ്യും. വേട്ടയ്യനിലെ ഗാനം പുറത്തിറക്കിയതു മുതൽ ട്രെൻഡിങ്ങിൽ മുന്നിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |