ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് മേൽനോട്ട സമിതി വ്യക്തമാക്കിയെന്ന് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ അറിയിച്ചു. അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്നും ഡാം സേഫ്റ്റി അതോറിറ്റിയുടെ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടതിനുള്ള മറുപടിയിലാണിത്.
2024 ജൂൺ 13നാണ് ഒടുവിൽ മേൽനോട്ട സമിതിയുടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ സന്ദർശനവും അവസാനത്തെ സൈറ്റ് പരിശോധനയും നടന്നത്. കാഴ്ചയിൽ തൃപ്‌തികരമെന്നാണ് മേൽനോട്ട സമിതിയുടെ റിപ്പോർട്ട്. 2012ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഉന്നതാധികാര സമിതി റിപ്പോർട്ടിലും അണക്കെട്ട് സുരക്ഷിതമാണെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര ഡാം സേഫ്റ്റി ആക്ട് അനുസരിച്ച് അണക്കെട്ടിന്റെ നിരീക്ഷണവും പരിശോധനയും നടത്തിപ്പും അറ്റകുറ്റപ്പണികളും നിഷ്കർഷിക്കപ്പെട്ട രീതിയിലാണ്. 2022 ഏപ്രിൽ 8ന്റെ സുപ്രീം കോടതി ഉത്തരവനുസരിച്ച് മേൽനോട്ട സമിതി ശക്തിപ്പെടുത്തി.
മേൽനോട്ട സമിതിയുടെ കണ്ടെത്തൽ ഖേദകരമാണെന്നും മുഴുവൻ ഉത്തരവാദിത്വവും നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയിൽ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |