ഷിരൂർ: കർണാടകയിലെ ദേശീയപാതയിൽ മണ്ണിടിഞ്ഞ് കാണാതായ തൃശൂർ സ്വദേശി അർജുനായുളള തെരച്ചിൽ വീണ്ടും പുരോഗമിക്കുന്നു. അർജുനുണ്ടെന്ന കരുതുന്ന ലോറി ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തുന്നതിനായി ഡ്രഡ്ജറുമായുളള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് ടഗ് ബോട്ട് കാർവാറിലേക്ക് പുറപ്പെട്ടത്. വൈകിട്ടോടെ ബോട്ട് കാർവാർ തുറമുഖത്തേക്ക് എത്തുമെന്നാണ് നിഗമനം. കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യാഴാഴ്ച തന്നെ ഡ്രഡ്ജർ പ്രവർത്തിച്ച് തെരച്ചിൽ തുടങ്ങാനായേക്കും. ഡ്രഡ്ജർ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചിൽ പുനരാരംഭിക്കുക.
രക്ഷാപ്രവർത്തനം വിലയിരുത്തുന്നതിനായി നാളെ ഉത്തര കന്നട ജില്ലാ ഭരണകൂടം യോഗം ചേരും. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഗംഗാവലിപ്പുഴയിൽ വേലിയിറക്ക സമയത്ത് ഡ്രഡ്ജർ കൊണ്ടുപോകാനാണ് തീരുമാനം. തിങ്കളാഴ്ച ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇന്ന് രാവിലെയാണ് പുറപ്പെട്ടത്. നാവികസേനയുടെയും ഈശ്വർ മൽപെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതിൽ ബുധനാഴ്ചത്തെ യോഗത്തിൽ തീരുമാനമുണ്ടാകും.
ജൂലായ് 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായത്. യുവാവിനെ കാണാതായി രണ്ട് മാസം പിന്നിടുമ്പോഴും തെരച്ചിൽ അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഡ്രഡ്ജർ എത്തിച്ചുളള തെരച്ചിലിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് കുടുംബം കാത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |