ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74ാം പിറന്നാൾ. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങൾ ഒന്നുമില്ലെങ്കിലും ബിജെപി എല്ലാക്കൊല്ലവും സംഘടിപ്പിക്കുന്ന 'സേവാ പർവ്' എന്ന രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഇന്ന് തുടക്കമാവും. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളാണ് ഈ അവസരത്തിൽ ഉയർത്തിക്കാട്ടുന്നത്.
ജന്മദിനമായ ഇന്ന് ഭുവനേശ്വറിലെ ഗഡകാനയിൽ 26 ലക്ഷം പിഎം ആവാസ് യോജന വീടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിനുശേഷം പിഎം ആവാസ് യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. തുടർന്ന് ഭുവനേശ്വറിലെ ജനതാ മൈതാനത്തിലെത്തുന്ന അദ്ദേഹം സുഭദ്ര യോജന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ ദരിദ്രരായ സ്ത്രീകൾക്ക് രണ്ട് തവണകളായി പതിനായിരം രൂപ പ്രതിവർഷം നൽകുന്ന പദ്ധതിയാണിത്. അഞ്ചുവർഷമാണ് പദ്ധതിയുടെ കാലാവധി. ഒഡീഷ തിരഞ്ഞടുപ്പ് പ്രകടനപത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സുഭദ്ര യോജന. ഇതിനുപുറമെ, 2781 കോടിയുടെ റെയിൽവേ പദ്ധതികളും 1000 കോടിയുടെ ഹൈവേ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി മേധാവി ജെപി നദ്ദ, എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തുടങ്ങിയ പ്രമുഖർ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു.
'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. താങ്കളുടെ വ്യക്തിത്വത്തിന്റെയും പ്രവർത്തനത്തിന്റെയും കരുത്തിൽ അസാധാരണമായ നേതൃത്വം നൽകുകയും രാജ്യത്തിന്റെ അഭിവൃദ്ധിയും അന്തസ്സും വർദ്ധിപ്പിക്കുകയും ചെയ്തു. രാഷ്ട്രബോധത്തോടുകൂടിയുള്ള താങ്കളുടെ നൂതനമായ ശ്രമങ്ങൾ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ വഴിയൊരുക്കട്ടെ എന്ന് ആശംസിക്കുന്നു'- രാഷ്ട്രപതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ ജന്മദിനാശംസകൾ. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സും നേരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒരു സാമ്പത്തിക മഹാശക്തിയായി മാറുകയാണ്. 2047ഓടെ വികസിത ഇന്ത്യ എന്ന തന്റെ ദൃഢനിശ്ചയം പൂർത്തീകരിക്കാൻ അദ്ദേഹത്തിന് ശക്തി ലഭിക്കട്ടേയെന്ന് ആശംസിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയം നിറവേറ്റാൻ മഹാരാഷ്ട്രയും സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. 21ാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം രാജ്യത്തിന്റെ ക്യാപ്റ്റൻ പ്രധാനമന്ത്രി മോദിയാണ്'- എന്നാണ് ഏക്‌നാഥ് ഷിൻഡെ എക്‌സിൽ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |