ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പല ഭാഷകളിലുള്ള നടിമാരും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെയും സ്ഥിതി വ്യത്യസ്തമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും എംപിയുമായ കങ്കണ റണൗട്ട്. ബോളിവുഡ് നടന്മാർ സഹപ്രവർത്തകരായ സ്‌ത്രീകളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് അവർ പറഞ്ഞു. ന്യൂസ് 18 ഇന്ത്യ ചൗപൽ പരിപാടിയിൽ സംസാരിക്കവെയായിരുന്നു വെളിപ്പെടുത്തൽ.
കങ്കണയുടെ വാക്കുകൾ:
'ഈ വീരന്മാർ എങ്ങനെയാണ് സ്‌ത്രീകളെ ആക്രമിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? അവർ നടിമാരെ അത്താഴത്തിന് ക്ഷണിക്കുന്നു. അവർക്ക് നിരന്തരം മെസേജുകൾ അയക്കുന്നു. വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുന്നു. കൊൽക്കത്ത ബലാത്സംഗ കൊലപാതകം നോക്കൂ. എനിക്കെതിരെ ഉണ്ടായ ബലാത്സംഗ ഭീഷണി നോക്കൂ. നമ്മുടെ സമൂഹം സ്‌ത്രീകളെ ബഹുമാനിക്കുന്നില്ല. സിനിമാ വ്യവസായവും വ്യത്യസ്‌തമല്ല. കോളേജ് വിദ്യാർത്ഥികൾ പോലും സ്‌ത്രീകളെക്കുറിച്ച് മോശം അഭിപ്രായങ്ങൾ പറയുന്നു. നായകന്മാരും വ്യത്യസ്‌തരല്ല. അവരും ഇതുപോലെയാണ്. '
'ജോലിസ്ഥലത്ത് ഒരു സ്‌ത്രീയോട് അവർ എങ്ങനെയാണ് പെരുമാറുന്നതെന്ന് ഞങ്ങൾക്കറിയാം. ഒരിക്കൽ പ്രമുഖ കൊറിയോഗ്രാഫറായ സരോജ് ഖാനോട് സിനിമാ മേഖലയിലെ ലൈംഗികാതിക്രമത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത് 'ലൈംഗികമായി പീഡിപ്പിക്കും ഒപ്പം ഭക്ഷണവും നൽകും' എന്നായിരുന്നു. സിനിമാ മേഖലയിലെ സ്‌ത്രീകളുടെ അവസ്ഥ ഇതാണ്. '
മലയാള സിനിമാ മേഖലയിലെ മീടു ആരോപണങ്ങൾ രാജ്യത്തെ ഞെട്ടിച്ചതിന് പിന്നാലെയാണ് കങ്കണയുടെ ആരോപണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്മാരായ മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, സംവിധായകരായ രഞ്ജിത്ത്, വികെ പ്രകാശ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുമാരായ വിച്ചു, നോബിൾ തുടങ്ങിയവർക്കെതിരെ പരാതികൾ ലഭിച്ചിരുന്നു. ഇവർക്കെതിരെ പൊലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |