ആലപ്പുഴ: സ്കൂളിലെ ഓണാഘോഷത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കള്ള് വിറ്റ സംഭവത്തിൽ രണ്ട് കള്ളുഷാപ്പ് ജീവനക്കാർ പിടിയിലായി. ഇതോടെ ഷാപ്പിന്റെ ലൈസൻസും റദ്ദാക്കി. ജീവനക്കാരെ കൂടാതെ ലൈസൻസികളായ നാലുപേർക്കെതിരെയും ചേർത്തല എക്സൈസ് റേഞ്ച് ഓഫീസ് കേസെടുത്തു. ഈ മാസം 13നായിരുന്നു സംഭവം. കള്ള് കുടിച്ച വിദ്യാർത്ഥികളിലൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായതോടെയാണ് വിവരം പുറത്തുവന്നത്. ആരോഗ്യനില മെച്ചപ്പെട്ട കുട്ടിയെ ഡോക്ടറുടെ നിരീക്ഷണത്തിൽ വീട്ടിലേക്കുമാറ്റി.
ഷാപ്പ് ജീവനക്കാരനായ മനോഹരനും മാനേജർ മോഹനനുമാണ് അറസ്റ്റിലായത്. ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ് ശ്രീകുമാർ എന്നിവരാണ് മറ്റ് പ്രതികൾ. ആരോഗ്യനില സാധാരണ നിലയിലാകുന്ന മുറയ്ക്ക് കുട്ടിക്ക് കൗൺസലിംഗ് നൽകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ എക്സൈസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. ശാസ്ത്രീയ പരിശോധനയടക്കം നടത്തും.
പള്ളിച്ചന്ത ഷാപ്പിലെത്തിയ നാല് വിദ്യാർത്ഥികൾക്ക് ജീവനക്കാർ പണം വാങ്ങി കള്ള് വിറ്റെന്നാണ് എക്സൈസ് കണ്ടെത്തിയത്. പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഒരുകുപ്പി കള്ള് കുടിച്ചശേഷം ബാക്കി ബാഗിലാക്കി ഇവർ സ്കൂളിലേക്ക് പോകുകയായിരുന്നു. തുടർന്ന് സ്കൂളിലെ ശൗചാലയത്തിൽ വച്ചും കുട്ടികൾ കളള് കുടിച്ചതായി പറയുന്നു. അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |