ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിന്റെ പിന്‍ഗാമിയായി ഡല്‍ഹി മുഖ്യമന്ത്രി പദത്തിലേക്ക് അതിഷി എത്തുന്നതിനെ ഡല്‍ഹി വാസികളും ആം ആദ്മി പ്രവര്‍ത്തകരും മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാരും ആകാംഷയോടെയാണ് കാണുന്നത്. രാഷ്ട്രീയത്തില്‍ പൊരുതിത്തെളിഞ്ഞ പരമ്പരാഗത ശക്തികളെ തൂത്തെറിഞ്ഞ് രാജ്യതലസ്ഥാനത്തിന്റെ ഭരണം പിടിച്ച ആംആദ്മി പാര്‍ട്ടി രാജ്യത്ത് വിസ്മയമായി.
തുടര്‍ ജയം നേടി അരവിന്ദ് കേജ്‌രിവാളും ഇന്ത്യയിലെ ആധുനിക രാഷ്ട്രീയത്തില്‍ ചരിത്രം രചിച്ചു. എന്നാല്‍, മദ്യനയക്കേസില്‍പ്പെട്ട് അറസ്റ്റിലായതോടെ കേജ്‌രിവാൾ വഴിമാറാന്‍ സ്വയം തീരുമാനിച്ചു. അരവിന്ദ് കേജ്‌രിവാൾ തന്നെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചതും. അതില്‍ ഒട്ടും അല്‍ഭുതം വേണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഡല്‍ഹിയുടെ മുഖ്യമന്ത്രി കസേരയിലേക്ക് അതിഷി എന്ന 43കാരി എത്തുമ്പോള്‍ അവര്‍ നിസാരക്കാരിയല്ല എന്ന് ഉറപ്പാണ്. ആരാണ് അതിഷി, എന്താണ് അവരുടെ യോഗ്യതയും പ്രവര്‍ത്തന ചരിത്രവും?
'ഡല്‍ഹിയില്‍ നിന്നും ഓക്സ്ഫഡിലേക്ക്'
ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരായ വിജയ് സിംഗിന്റേയും ത്രിപ്ത വാഹിയുടേയും മകളായി 1981 ജൂണ്‍ എട്ടിന് ആയിരുന്നു അതിഷി മര്‍ലേന സിംഗിന്റെ ജനനം. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം ഡല്‍ഹിയില്‍. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള സെയിന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും 2001ല്‍ ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ അതിഷിയുടെ ഉപരിപഠനം ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ആയിരുന്നു.
ഷെവനിംഗ് സ്‌കോളര്‍ഷിപ്പോടെ 2003ല്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ശേഷം, റോഡ്സ് സ്‌കോളറായി ഓക്സ്ഫഡിലെ മഗ്ദലന്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസ ഗവേഷണത്തില്‍ രണ്ടാം മാസ്റ്റേഴ്സും 2005ല്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഏഴ് വര്‍ഷം ആന്ധ്രാപ്രദേശിലെ ഋഷി വാലി സ്‌കൂളില്‍ ചരിത്രവും ഇംഗ്ലീഷും പഠിപ്പിക്കുന്നതിനൊപ്പം പുരോഗമനപരായ വിദ്യാഭ്യാസ സമ്പ്രദായത്തിന് രൂപം നല്‍കുന്നതിനും ശ്രമിച്ചു. ഇതിനൊപ്പം ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും അതിഷി മര്‍ലേന സിംഗ് ശ്രദ്ധിച്ചിരുന്നു.
പാഠശാലകളുടെ പൊളിച്ചെഴുത്ത്
2013ല്‍ ആംആദ്മി പാര്‍ട്ടിയില്‍ അംഗമായ അതിഷി പാര്‍ട്ടിയുടെ നയരൂപീകരണത്തിലും പങ്കാളിയായി. 2015ല്‍ ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ ഏറിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് കയ്യാളിയ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശക ആയി എത്തിയതോടെ അതിഷി കൂടുതല്‍ ശ്രദ്ധേയായി.
ആംആദ്മി സര്‍ക്കാരിന് കീഴില്‍ ഡല്‍ഹി വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ സമഗ്ര പുരോഗതിക്കും മികച്ച മുന്നേറ്റത്തിനും വലിയ പങ്ക് വഹിച്ചത് അതിഷിയായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യം വികസിപ്പിച്ചു. അദ്ധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിച്ചു. ഓണ്‍ട്രപിണര്‍ഷിപ്പ് കരിക്കുലത്തിനും ഹാപ്പിനസ് കരിക്കുലത്തിനും തുടക്കം കുറിച്ചു.
സംരംഭകത്വ മനോഭാവം വളര്‍ത്തുന്നതിനും സന്തോഷത്തോടെ ജീവിക്കുന്നതിനുള്ള മാനസികാവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. തോന്നിയപോലെ ഫീസ് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും സ്വകാര്യ സ്‌കൂളുകളെ തടയുന്നതിന് നിയമം കര്‍ക്കശമാക്കിയതും ശ്രദ്ധേയമായ നീക്കമായിരുന്നു. 2018ല്‍ മര്‍ലേന എന്ന കുടംബപ്പേര് ഉപേക്ഷിച്ച് തന്റെ പേര് അതിഷി എന്നായി തിരുത്തി എന്ന് അവര്‍ അറിയിച്ചു.
2019ല്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ഗൗതം ഗംഭീറിനോട് തോറ്റു. 2020ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. നഗര വികസനത്തിന്റെ ആഗോള മാതൃകയായി ഡല്‍ഹിയെ ഉയര്‍ത്തിക്കാട്ടി, 2022ല്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തത് അതിഷിയുടെ കരിയറിലെ മറ്റൊരു ഹൈലൈറ്റാണ്.
കെജ്‌രിവാളിന്റെ 'ക്രൈസിസ് മാനേജര്‍'
പ്രതിസന്ധി ഘട്ടങ്ങളെ നേരിടാന്‍ കഴിയുന്നതും ഭരണ മികവും അതിഷിയുടെ ഏറ്റവും വലിയ സവിശേഷതയാണ് എന്ന് രാഷ്ട്രീയ ലോകം പിന്നീട് മനസിലാക്കി. ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെ പിടിച്ചുലച്ച മദ്യനയക്കേസില്‍പ്പെട്ട് മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും രാജിവച്ചതോടെ 2023 മാര്‍ച്ചില്‍ അതിഷി ഡല്‍ഹി കാബിനറ്റില്‍ എത്തി. ധനകാര്യം, ആസൂത്രണം, പൊതുമരാമത്ത്, വനിതാ ശിശു ക്ഷേമം, സാംസ്‌കാരികം, ടൂറിസം, ജലം, ഊര്‍ജ്ജം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പബ്ളിക് റിലേഷന്‍സ് തുടങ്ങിയ 14 സുപ്രധാന വകുപ്പുകള്‍ അതിഷി കൈകാര്യം ചെയ്തുവരികയാണ്.
ഡല്‍ഹി സര്‍ക്കാരിലെ ഏക വനിതാ മന്ത്രിയായ അതിഷി തന്നെയാണ് ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതും. മദ്യനയക്കേസില്‍ മാര്‍ച്ച് 21ന് അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലായ ശേഷം, പാര്‍ട്ടിയുടെ പല ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ച അതിഷി ആംആദ്മിയുടെ മുഖമായി മാറി. സൗരഭ് ഭരധ്വാജിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച അതിഷി മാദ്ധ്യമങ്ങളിലും നിറഞ്ഞ് നിന്നു.
പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും നിര്‍ണായക നേതൃത്വം നല്‍കിയ അതിഷി, പ്രവര്‍ത്തകര്‍ക്കിടയിലും സ്വാധീന ശക്തിയായി. ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിക്ക് നല്‍കിവന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറച്ചതിനെതിരെ ജൂണ്‍ മാസത്തില്‍ അതിഷി നടത്തിയ അനിശ്ചിതകാല നിരാഹാര സമരം അവരുടെ പോരാട്ടവീര്യത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റേയും പ്രതീകമായി. ആരോഗ്യം മോശമായി ആശുപത്രിയില്‍ ആയതിന് ശേഷവും സമരത്തില്‍ നിന്നും പിന്‍മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല.
ഡല്‍ഹി നിവാസികള്‍ നേരിടുന്ന ജലക്ഷാമം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ അതിഷിക്ക് സാധിച്ചു. കൂടാതെ, വകുപ്പുകളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും ഭരണനിര്‍വഹണം കാര്യക്ഷമമാക്കുന്നതിനും അതിഷിക്ക് വലിയൊരു പരിധിവരെ സാധിച്ചു. ജയിലില്‍ ആയിരുന്ന അരവിന്ദ് കേജ്‌രിവാള്‍ ഓഗസ്റ്റ് പതിനഞ്ചിന് ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത് അതിഷിയോടായിരുന്നു.
ഗോപാല്‍ റായ്, കൈലാഷ് ഗലോട്ട്, സൗരഭ് ഭരദ്വാജ്, എന്നിവര്‍ക്കൊപ്പം അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിതാ കേജ്‌രിവാളിന്റെ പേരും ഡല്‍ഹി മുഖ്യമന്ത്രി പദത്തിലേക്കുള്ള സാദ്ധ്യതാ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിഷിയുടെ യോഗ്യതയും പ്രവര്‍ത്തന മികവും പൊതുജനസ്വീകാര്യതയും അവര്‍ക്ക് അനുകൂലമാവുകയായിരുന്നു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ എത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.
'അതിഷി ബ്രില്യന്‍സ്' തുടരുമോ?
മുഖ്യമന്ത്രി പദം അതിഷിക്ക് വ്യക്തിപരമായും ആംആദ്മി പാര്‍ട്ടിക്കും പുതിയ അദ്ധ്യായമാണ്. വരാന്‍ പോകുന്ന ഡല്‍ഹി അസംബ്ളി ഇലക്ഷനില്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പ്രതിഛായ മെച്ചപ്പെടുത്തുന്നതിലും നയം ജനങ്ങളിലേക്ക് എത്തിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കേണ്ട സമയമാണ് മുന്നിലുള്ളത്. ജനങ്ങളുടെ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും പരിഹരിക്കുന്നതിലും ഇതുവരെ പ്രകടമാക്കിയ അര്‍പ്പണബോധവും ഭരണപാടവവും അതിഷിയെ ശക്തയായ ഒരു നേതാവായി മാറ്റിക്കഴിഞ്ഞു.
കൂടാതെ, ജയിലിന് പുറത്തുള്ള കേജ്‌രിവാള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കരുത്താണ്. എങ്കിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയുമായുള്ള പോരാട്ടങ്ങളെ എത്രത്തോളം കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാന്‍ അതിഷിക്ക് സാധിക്കുമെന്നത് പ്രധാന വിഷയമാണ്. എങ്കിലും കൂടുതല്‍ അഗ്രസീവും ഏബിള്‍ഡും ബ്രില്യന്റും സര്‍വോപരി കേജ്‌രിവാളിന്റെ വിശ്വസ്തയുമായ അതിഷി മുഖ്യമന്ത്രി പദത്തില്‍ എത്തിയതോടെ എതിരാളികളുടെ ജോലി കൂടുതല്‍ കടുപ്പമാവും എന്നാണ് വിലയിരുത്തല്‍. അവസാനിക്കാത്ത രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഇനിയുള്ള വിജയങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അതിഷിക്ക് സാധിക്കുമോ, കാത്തിരുന്ന് കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |