പുറത്തിറങ്ങുന്നത് ഏഴര വർഷത്തിനു ശേഷം
ഇതെന്തുതരം വിചാരണയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ അനന്തമായി നീളുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച സുപ്രീംകോടതി ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു.
ഏഴരവർഷമായി ജയിലിലാണ് സുനി. എട്ടാം പ്രതി നടൻ ദിലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടുന്നതെന്ന സർക്കാരിന്റെ വാദമുൾപ്പെടെ തള്ളിയാണ് ജാമ്യം.
ഒരാഴ്‌ചയ്‌ക്കകം വിചാണക്കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസിൽ ഹാജരാക്കണം. സർക്കാരിന് കടുത്ത ജാമ്യവ്യവസ്ഥകൾ ആവശ്യപ്പെടാമെന്ന് ജസ്റ്രിസ് അഭയ് എസ്. ഓക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കോടതി ഓണാവധിയിലാണ്. എന്നാൽ ഒരാഴ്ചയ്ക്കകം ജാമ്യമെന്ന് ഉത്തരവുള്ളതിനാൽ സുനിക്ക് അവധിക്കാല ബെഞ്ചിനെ സമീപിക്കാനാകും.
നടൻ ദിലീപിന്റെ അഭിഭാഷകൻ അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസിനെ കഴിഞ്ഞ ഫെബ്രുവരി 15മുതൽ സെപ്‌തംബർ 10 വരെ ക്രോസ് വിസ്‌താരം നടത്തിയതിൽ സുപ്രീംകോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. ഇതെന്തു തരം വിചാരണയാണ്? വിചാരണക്കോടതി ഇടപെട്ടില്ലേ? 1800 പേജുകളിലാണ് മൊഴി. സ്വാധീനമുള്ള പ്രതി ക്രോസ് വിസ്‌താരത്തിന് ഇത്രയധികം സമയമെടുത്തെങ്കിൽ, വാദമുഖങ്ങൾ പൂർത്തിയാക്കാൻ എത്രകാലമെടുക്കും? 261 പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത്. മൂന്നാം തവണയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒന്നിന് പിറകേ ജാമ്യഹർജി നൽകിയതിന് സുനിക്ക് 25000 രൂപ പിഴയിട്ട കേരള ഹൈക്കോടതി നടപടി ശരിയായില്ലെങ്കിലും ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പിഴത്തുക ലീഗൽ സർവീസസ് അതോറിട്ടിക്ക് ലഭിക്കുന്നതുകൊണ്ടാണിത്.
എന്തുകൊണ്ട് ജാമ്യം ?
1. സുനി ജയിലിൽ കഴിയുമ്പോൾ, മറ്റു പ്രതികൾ ജാമ്യത്തിൽ
2. വിചാരണ ഉടൻ അവസാനിക്കുന്ന ലക്ഷണമില്ല
3. ജുഡീഷ്യൽ കസ്റ്റഡി അനന്തമായി നീട്ടാനാവില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |