കൊച്ചി: ഇടപ്പള്ളി മരോട്ടിച്ചോടിൽ തിരുവോണ ദിവസം പുലർച്ചെ യുവാവിനെ നടുറോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ കൊല്ലം മയ്യനാട് മുക്കം വടക്കേകോഴിപ്പൽ സമീറിനെ(41) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി കൂനംതൈ ലക്ഷംവീട് കോളനിയിൽ പ്രകാശന്റെ മകൻ എൻ.പി. പ്രവീണാണ് (45) കൊല്ലപ്പെട്ടത്.
മദ്യപാനത്തിനു പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സമീറും എറണാകുളം സ്വദേശി കലേഷും ചേർന്ന് ഉത്രാടദിനത്തിൽ രാത്രിയിൽ മദ്യം വാങ്ങി പ്രവീൺ താമസിക്കുന്ന മരോട്ടിച്ചോട് പാലത്തിനടിയിലെത്തി മദ്യപിച്ചു. വൈകാതെ കലേഷ് പോയി. പ്രവീണും സമീറും മദ്യപാനം തുടർന്നു. സമീറിന്റെ പോക്കറ്റിൽ നിന്ന് പ്രവീൺ പണം എടുക്കാൻ ശ്രമിച്ചതോടെ വാക്കേറ്റവും അടിപിടിയുമായി. ഇതിനിടെ കൈയിൽ കിട്ടിയ പട്ടിക ഉപയോഗിച്ച് സമീർ പ്രവീണിന്റെ തലയ്‌ക്കടിച്ചു. പിന്നീട് അവിടെത്തന്നെ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ പ്രവീൺ മരിച്ചതായി മനസിലാക്കിയ സമീർ ഒളിവിൽ പോകാനായി മധുര ട്രെയിനിൽ തൃപ്പൂണിത്തുറയിലെത്തിയപ്പോൾ തിങ്കളാഴ്ച രാവിലെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പല കാര്യങ്ങളും ഓർമ്മയില്ലെന്ന് സമീർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇരുവരും വീട്ടുകാരുമായി ബന്ധമില്ലാതെ കടത്തിണ്ണകളിൽ താമസിക്കുന്നവരാണ്. പ്രവീണിന്റെ ദേഹത്ത് നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും ആയുധം ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമേ അറിയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |