ന്യൂഡൽഹി : കഴിഞ്ഞ ജൂലായിൽ കേന്ദ്രസർക്കാരിന് കൈമാറിയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമന ശുപാർശ സുപ്രീംകോടതി കൊളീജിയം പരിഷ്‌കരിച്ചു. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുരേഷ് കുമാർ കൈതിനെ ജമ്മു കാശ്‌മീർ - ലഡാക്ക് ചീഫ് ജസ്റ്റിസായി നിയമിക്കാനായിരുന്നു നേരത്തെയുള്ള ശുപാർശ. ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊളീജിയം അതിൽ മാറ്റംവരുത്തി. മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനാണ് പുതിയ ശുപാർശ. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്‌തിരുന്ന ജസ്റ്റിസ് ടാഷി റബ്സ്റ്റാനെ ജമ്മു കാശ്‌മീർ - ലഡാക്ക് ചീഫ് ജസ്റ്റിസായും മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ നിർദ്ദേശിച്ചിരുന്ന പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലെ ജസ്റ്രിസ് ജി.എസ്. സന്ധാവാലിയയെ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനും ശുപാർശ ചെയ്‌തു. കേന്ദ്രത്തിന്റെ പരിഗണനയിലുള്ള ചില ശുപാർശകളുമായി ബന്ധപ്പെട്ട് 'സെൻസിറ്റിവ്' വിവരങ്ങൾ പക്കലുണ്ടെന്നും കൈമാറാമെന്നും അറ്രോർണി ജനറൽ ആർ. വെങ്കട്ടരമണി കഴിഞ്ഞയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് പുനഃപരിശോധനയെന്നത് ശ്രദ്ധേയമാണ്.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ബോംബെ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് നിതിൻ മധുകർ ജാംധാറിനെ ശുപാർശ ചെയ്‌ത നടപടിയിൽ മാറ്റംവരുത്തിയില്ല. ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹനെ അവിടെത്തന്നെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നതിലും പുനഃപരിശോധയില്ല. ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രാജീവ് ശക്ധേർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് കെ.ആർ. ശ്രീറാം എന്നിവരെ നിയമിക്കാനുള്ള ശുപാർശയിലും കൊളീജിയം ഇടപെട്ടില്ല. ജസ്റ്റിസ് രാജീവ് ശക്ധേർ ഒക്ടോബർ 18ന് വിരമിക്കാനിരിക്കുകയാണ്. അദ്ദേഹത്തിന്റെ റിട്ടയർമെന്റിന് ശേഷമെ ജസ്റ്രിസ് ജി.എസ്. സന്ധാവാലിയക്ക് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകാൻ കഴിയുകയുള്ളുവെന്നും കൊളീജിയം വ്യക്തത വരുത്തിയിട്ടുണ്ട്. അതേസമയം, കൽക്കട്ട ഹൈക്കോടതി ജഡ്‌ജി ഇന്ദ്ര പ്രസന്ന മുഖർജിയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ പുതുതായി ശുപാർശ ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |