ഹൈദരാബാദ്: ഗണപതി പൂജ ആഘോഷങ്ങളുടെ സമാപനത്തിന് ഭാഗമായി 1.87 കോടി രൂപയ്‌ക്ക് ലഡു ലേലം ചെയ്‌തു. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ബന്ദ്‌ലഗുഡ ജാഗിർ ഏരിയയിലെ കീർത്തി റിച്ച്‌മണ്ട് വില്ലസിലാണ് ലേലം നടന്നത്. കഴിഞ്ഞ വർഷം 61 ലക്ഷം രൂപയ്‌ക്കാണ് ലഡു ലേലത്തിൽ പോയത്. ഇത്തവണ അതിന്റെ ഇരട്ടിത്തുകയാണ് ലഭിച്ചിരിക്കുന്നത്.
ആകെ 100 അംഗങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്. ഇവരെ 25 അംഗങ്ങൾ വീതമുള്ള നാല് സംഘങ്ങളായി തിരിച്ചു. അതിൽ ഒരു സംഘമാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തേതുപോലെ ഇത്തവണയും ലേലത്തിലൂടെ ലഭിച്ച തുക പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി ഉപയോഗിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
അതേസമയം, വർഷങ്ങളായി നടക്കുന്ന ബാലാപൂർ ഗണേഷ് ലഡുവിന്റെ ലേലവും കഴിഞ്ഞ ദിവസം നടന്നു. 30.1 ലക്ഷം രൂപ നൽകി ബിജെപി നേതാവ് കോലൻ ശങ്കർ റെഡ്ഡി യാണ് ലഡു വാങ്ങിയത്. കഴിഞ്ഞ വർഷം 27 ലക്ഷം രൂപയ്‌ക്കായിരുന്നു ലഡു ലേലത്തിൽ പോയത്. 1994 മുതലാണ് ബാലാപൂർ ഗണേഷ് ലഡുവിന്റെ ലേലം ആരംഭിച്ചത്. അന്ന് 450 രൂപയ്‌ക്ക് കർഷകനായ കോലൻ മോഹൻ റെഡ്ഡി യാണ് ലഡു വാങ്ങിയത്. അന്നുമുതൽ ഇന്നുവരെയും എല്ലാ വർഷവും ഗണപതി പൂജയുടെ അവസാന ദിവസം മുടങ്ങാതെ ലേലം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |