ന്യൂജനറേഷൻ സിനിമകളിൽ വേഷം കിട്ടാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് സിനിമാ സീരിയൽ താരം പൊന്നമ്മ ബാബു. പുതുമുഖ സംവിധായകൻമാരുടെ മനസിൽ തന്നെപ്പോലുളള അഭിനേതാക്കളുടെ മുഖം വരാറില്ലെന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് പൊന്നമ്മ ബാബു സിനിമാജീവിതത്തിൽ നിന്നുണ്ടായ അനുഭവങ്ങൾ പങ്കുവച്ചത്.
'ഇപ്പോൾ കൂടുതലും പുതുമുഖ സംവിധായകൻമാരാണല്ലോ സിനിമകൾ ചെയ്യുന്നത്. പെട്ടെന്ന് അവർ നമ്മളുടെ മുഖം ഓർക്കില്ല. അതുകൊണ്ടായിരിക്കാം അവർ സിനിമകൾ ചെയ്യാൻ ഞങ്ങളെപ്പോലുളളവരെ വിളിക്കാത്തത്. അവർ അത് വിട്ടുപോകും. അതിനെ അവരെ കുറ്റം പറയാൻ പറ്റില്ല. ഞാനാദ്യം വിചാരിച്ചത് അവർ മനഃപൂർവം ഞങ്ങളെ വിളിക്കാത്തതെന്നായിരുന്നു. അവരുടെ മനസിൽ ഞങ്ങൾ എത്തിയിട്ടില്ല. അപ്പോൾ നമ്മൾ ചെയ്യേണ്ടത് ന്യൂജനറേഷൻ സിനിമകളിലൂടെ എത്താൻ ശ്രമിക്കണമെന്നതാണ്'- താരം പറഞ്ഞു.
ജഗതി ശ്രീകുമാറുമായുളള മറക്കാൻ പറ്റാത്ത അനുഭവവും പൊന്നമ്മ ബാബു പങ്കുവച്ചു. 'മയിലാട്ടം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് ജഗതി ശ്രീകുമാറിന്റെ ഭാര്യയായിട്ട് അഭിനയിക്കുന്നത്. അതിലെ ഒരു സീൻ മറക്കാൻ പറ്റില്ല. ജഗതിച്ചേട്ടനെ വാഴക്കുലയുപയോഗിച്ച് അടിക്കുന്ന ഒരു സീനുണ്ട്. അത് യഥാർത്ഥത്തിൽ ചെയ്തതാണ്. ഇന്നത്തെ പോലുളള സാങ്കേതികവിദ്യകളൊന്നും അപ്പോഴുണ്ടായിരുന്നില്ല. മാത്രവുമല്ല ആ സമയത്ത് ജഗതിച്ചേട്ടന് നല്ല തിരക്കായിരുന്നു. പല സീനുകൾ ചെയ്യാനായി അദ്ദേഹത്തിനായി ഞങ്ങൾ കാത്തിരിക്കാറുണ്ടായിരുന്നു.
ആ സീനെടുക്കാൻ ഞാൻ ജഗതിച്ചേട്ടനെ നന്നായി അടിച്ചു. സീൻ കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിനോട് സോറി പറഞ്ഞു. ആ സീൻ പൊന്നമ്മ കൊണ്ടുപോയെന്നാണ് ജഗതിച്ചേട്ടൻ അന്ന് പറഞ്ഞത്. യാതൊരു ഈഗോയും ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം. കൂടെ അഭിനയിക്കുന്നവർ തന്നെക്കാളും നന്നായി അഭിനയിക്കണമെന്ന ചിന്തയുളള വ്യക്തിയാണ് ജഗതിച്ചേട്ടൻ'- താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |