ഒരു ഭാഗത്ത് നാട്ടുകാരുടെ ആവലാതികൾ, മറുഭാഗത്ത് അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞ് സർക്കാർ. രണ്ടിനും നടുവിലിരുന്ന് റേഷൻകട നടത്തി പൊറുതിമുട്ടുകയാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. പ്രതിഷേധിച്ചിട്ടും പരാതി നൽകിയിട്ടും സർക്കാർ തുടരുന്ന അവഗണനയിൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് വ്യാപാരികൾ. റേഷൻ വ്യാപാരികളുടെ വേതനവർദ്ധന, കടകളിലെ സഹായികളുടെ വേതനം, ഇൻഷ്വറൻസ് പരിരക്ഷ തുടങ്ങിയ കാര്യങ്ങളിൽ സർക്കാരും കൈവിട്ട സാഹചര്യമാണ്.
ജീവിതദുരിതങ്ങളിൽ നട്ടം തിരിയുന്ന റേഷൻ വ്യാപാരികളുടെ ഓണവും ഇക്കുറി വെള്ളത്തിലായിരുന്നു. ചെയ്ത ജോലിക്കുകിട്ടേണ്ട ആഗസ്റ്റിലെ കമ്മിഷൻ ഓണത്തലേന്നുവരെ കിട്ടിയില്ല. പ്രഖ്യാപിച്ച 1000 രൂപ ഓണം ഓണറേറിയവും നൽകിയില്ല. എന്നിട്ടിപ്പോൾ കൊവിഡ് കാലത്ത് റേഷൻ വ്യാപാരികൾ ചെയ്തത് സേവനമാണെന്നും ഓണത്തിന് ആയിരം രൂപ നൽകാമെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് മന്ത്രി നടത്തിയ പരാമർശം. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വ്യാപാരികൾ.
റേഷൻവ്യാപാരികളെ സർക്കാർ അവഗണിക്കുകയാണെന്നും കിറ്റ് കമ്മിഷൻ നൽകിയത് കൊണ്ട് ഉത്സവബത്ത നൽകില്ലെന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് റേഷൻ സംസ്ഥാന കോ ഓർഡിനേഷൻ സമിതി ഭാരവാഹികൾ പറയുന്നത്. മന്ത്രിയുടെ ഈ പരാമർശം അങ്ങേയറ്റം വേദനിപ്പിച്ചെന്നും കിറ്റ് കമ്മിഷൻ നൽകിയത് കൊണ്ട് ഉത്സവബത്ത നൽകില്ലെന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരികൾ പറയുന്നു.
പ്രതിസന്ധിയൊഴിയാതെ
കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്തെ റേഷൻവ്യാപാരികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിട്ടും അതൊന്നും കൃത്യമായി പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കമ്മിഷൻ വൈകുന്നത് പതിവാണെങ്കിലും ഓണമായതിനാൽ വൈകില്ലെന്നാണ് വ്യാപാരികൾ കരുതിയത്. എന്നാൽ അതും വെെകിയതോടെ പിടിച്ചുനിൽക്കാനാവാതെ കനത്ത പ്രതിസന്ധി നേരിടുകയാണ് ഇവർ. 18,000 രൂപ മുതലാണ് വ്യാപാരികൾക്ക് കിട്ടാനുള്ളത്. ആഗസ്റ്റ് മാസത്തിലെ കമ്മിഷൻ മുൻകൂറായി അനുവദിച്ചുവെന്ന അറിയിപ്പ് വന്നെങ്കിലും വ്യാപാരികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കമ്മിഷൻ തുകയായ 51.26 കോടി അനുവദിച്ചതായാണ് മന്ത്രി പറഞ്ഞത്. 70 കോടിയോളം രൂപയാണ് രണ്ട് മാസത്തെ കമ്മിഷൻ തുക. ഓരോ വ്യാപാരിക്കും ഏകദേശം 8,000 മുതൽ 50,000 രൂപ വരെ കിട്ടാനുണ്ട്.
കിറ്രും പൂർത്തിയായില്ല
രണ്ടുവർഷം നടത്തിയ കേസിന്റെ തുടർച്ചയായി കൊവിഡ് കിറ്റിന്റെ കമ്മിഷൻ കൊടുത്തു തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. കിറ്റ് കമ്മിഷൻ നൽകണമെന്ന സുപ്രീംകോടതി വിധിയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ഇനത്തിൽ 50ശതമാനം വ്യാപാരികൾക്ക് അനുവദിച്ചിരുന്നു. 34.08 കോടിയാണ് നൽകേണ്ടത്. 17.22 കോടി അനുവദിച്ചു. ബാക്കി തുക നൽകുന്നതിന് വീണ്ടും സാവകാശം ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേ സമയം പല താലൂക്കുകളിലും തുക ലഭിക്കാത്തവരുണ്ട്. തുക ലഭിച്ച ചില താലൂക്കുകളിൽ നിന്ന് വ്യാപാരികളുടെ സെപ്തംബർ മാസത്തേക്ക് അനുവദിച്ച റേഷൻ സാധനങ്ങളുടെ വില പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ ബാക്കിയൊന്നും ഇല്ലാത്ത അവസ്ഥയാണെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. വാതിൽ പടി വാഹന കരാറുകാരുടെ കുടിശ്ശിക നൽകാത്തത് കൊണ്ട് മെല്ലെ പോക്ക് നയം സ്വീകരിച്ച് വരുന്നതിനാൽ പല താലൂക്കിലും കൃത്യമായി റേഷൻ എത്താത്ത അവസ്ഥയിലാണ്.
മേഖല വിട്ട് പലരും
വിൽക്കുന്ന സാധനങ്ങൾക്ക് അതാതു മാസം കമ്മിഷൻ ലഭിക്കാത്തത് റേഷൻ വ്യാപാരികളെ കടക്കെണിയിലാക്കുകയാണ്. കട വാടകയും കറന്റ് ചാർജും ജീവനക്കാരന് ശമ്പളവും കൊടുത്തു കഴിഞ്ഞാൽ റേഷൻ കട നടത്തിപ്പുകാർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന കമ്മിഷൻ തീരും. ഇതോടെ മേഖലയിൽ പിടിച്ചുനിൽക്കാനാവാതെ പലരും മേഖല ഉപേക്ഷിച്ചുപോയിത്തുടങ്ങി. വിൽക്കുന്ന സാധനങ്ങൾക്ക് കമ്മിഷനാണ് റേഷൻ വ്യാപാരികളുടെ വരുമാനം. കാർഡുടമകൾക്ക് ഏതു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാമെന്നതുകൊണ്ട് ഒരു കടയിൽ വിൽക്കുന്ന സാധനങ്ങൾക്കുള്ള കമ്മിഷന് ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇതോടെ റേഷൻ വ്യാപാരികൾക്ക് നിശ്ചിത തുക മാസവരുമാനം എന്നത് ഇല്ലാതാകും.
45 ക്വിന്റൽ വരെ റേഷൻ ധാന്യം ഒരു മാസം വിൽക്കുന്ന വ്യാപാരിക്ക് 18000 രൂപയും, അതിന് മുകളിൽ വിൽക്കുന്നവർക്ക് ഓരോ ക്വിന്റലിന് 180 രൂപ അധികവുമാണ് കമ്മിഷൻ ഇനത്തിൽ നൽകുന്നത്. എന്നാൽ ഇത്രയും അളവിൽ വിൽപ്പന നടത്തുന്ന റേഷൻ കടകളും കുറവാണ്. അതുകൊണ്ട് തന്നെ സ്വന്തം കെട്ടിടമുള്ള റേഷൻ കട ഉടമകൾക്ക് മാത്രമേ കമ്മിഷൻ കൊണ്ട് പ്രയോജനമുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്. മറ്റുള്ളവർക്ക് മാസ വാടക, കറന്റ് ചാർജ്, കൂലി എന്നീ ഇനത്തിൽ മാസം പതിനയ്യായിരം രൂപയോളം ചെലവാകും. കുറഞ്ഞ തുക കമ്മിഷൻ വരുമാനമായി ലഭിക്കുന്ന കട ഉടമകൾക്ക് ഇത് നഷ്ടമുണ്ടാക്കും.
പണി തന്ന് ഇ പോസും
ഇ പോസ് മെഷീന്റെ താളപ്പിഴ മൂലം റേഷൻ വിതരണം വെെകുന്നതും വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണ്. പലകുറി പറഞ്ഞിട്ടും പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണ്ടെത്താനായിട്ടില്ല. പരാതി പറഞ്ഞാൽ താത്കാലികമായി പ്രശ്നം പരിഹരിക്കുമെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനകം വീണ്ടും പ്രവർത്തനരഹിതമാകുന്ന അവസ്ഥയാണ്. ഇ പോസ് സംവിധാനം തകരാറിലാകുന്നത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമാണുണ്ടാക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ വാക്കു തർക്കമുണ്ടാകുന്നതും പതിവവാണ്. എ.എ.വൈ കാർഡുകാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, എൻ.എഫ്.എസ്.എ പദ്ധതികൾ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങുമ്പോൾ ഇ പോസിൽ വിരലടയാളം പ്രത്യേകം രേഖപ്പെടുത്തണം. എന്നാൽ വിരലടയാളം പതിയാത്തതും കണക്ടിവിറ്റി നഷ്ടമാകുന്നതും കാർഡുടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |