2028ൽ ശുക്രനിലേക്ക്
ഭാരത് സ്‌പേസ് സ്റ്റേഷൻ വികസനം
ന്യൂഡൽഹി:ഇന്ത്യക്കാരനെ 2040ൽ ചന്ദ്രനിൽ ഇറക്കി കല്ലും മണ്ണും ശേഖരിച്ച് തിരികെ വരുന്ന ചന്ദ്രയാൻ-4 പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം. 2104.06 കോടി രൂപ വകയിരുത്തി.
സാമ്പിൾ ശേഖരിക്കുന്നത് അടക്കം നാല് മൊഡ്യൂളുകൾ ഉൾപ്പെട്ടതാണ് പദ്ധതി.
എൽ.വി.എം-3 റോക്കറ്റിന്റെ രണ്ട് വിക്ഷേപണങ്ങൾ നടത്തും. ഒന്ന് മനുഷ്യനും ഒന്ന് സാമ്പിൾ മൊഡ്യൂളിനും. ഇവ ബഹിരാകാശത്ത് ഒന്നിക്കും.
പേടകങ്ങളുടെ വികസനവും വിക്ഷേപണവും ഐ.എസ്.ആർ.ഒ നിർവഹിക്കും.
പേടകങ്ങളുടെ ഡോക്കിംഗ്, അൺഡോക്കിംഗ്, ചന്ദനിൽ ലാൻഡിംഗ്, സാമ്പിൾ ശേഖരണം,ഭൂമിയിലേക്ക് മടങ്ങൽ, സാമ്പിൾ വിശകലനം എന്നിവയുടെ സാങ്കേതിക വിദ്യകൾ സ്വന്തമായി വികസിപ്പിക്കും.
2028 ഡിസംബറിൽ വിക്ഷേപിക്കുന്ന ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ) ആദ്യ മൊഡ്യൂൾ (ബി.എ.എസ്-1) വികസനം, പരിഷ്‌കരിച്ച ഗഗയാൻ പദ്ധതികൾക്കും അനുമതി നൽകി. ഗഗയാൻ ദൗത്യത്തിന് നേരത്തെ അംഗീകരിച്ച 11,170 കോടി അടക്കം 20,193 കോടി.
സ്‌പേസ് സ്റ്റേഷൻ
ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ 2035ൽ പ്രവർത്തിപ്പിക്കും. ഇതിന്റെ ബി.എ.എസ് -1 മൊഡ്യൂൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ വികസനം ഉൾപ്പെടുത്തി ഗഗയാൻ ദൗത്യം പുനരവലോകനം ചെയ്യും. ഗഗൻയാൻ ഹാർഡ്‌വെയറും പരിഷ്‌കരിക്കും.
ബി.എ.എസ്1-ൽ മനുഷ്യനെ ലോ എർത്ത് ഓർബിറ്റിൽ എത്തിക്കൽ, 2040ൽ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കൽ.
2026ഒാടെ ഗൻയാൻ പദ്ധതിയിൽ നാല് ദൗത്യങ്ങളും ബി.എ.എസ്-1 വികസനവും. 2028 ഡിസംബറോടെ ബി.എ.എസ് സാങ്കേതിക വിദ്യകളുടെ നാല് പരീക്ഷണ ദൗത്യങ്ങൾ.
2028ൽ ശുക്രനിലേക്ക്
2028 മാർച്ചിൽ ശുക്രന്റെ ഭ്രമണപഥത്തിലേക്ക് ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യത്തിനും അംഗീകാരം. ലക്ഷ്യങ്ങൾ: ശുക്രന്റെ ഉപരിതലം, ശുക്രന്റെ അന്തരീക്ഷത്തിൽ സൂര്യന്റെ സ്വാധീനം, വാസയോഗ്യവും ഭൂമിയുമായി സാമ്യമുള്ളതുമാണെന്ന് കരുതുന്ന ശുക്രന്റെ പരിണാമം തുടങ്ങിയവ പഠിക്കാനുള്ള ഉപകരണങ്ങൾ വികസിപ്പിക്കും. 1236 കോടിയാണ് ചെലവ്.
വൻ ദൗത്യങ്ങൾക്ക് എൻ.ജി.എൽ.വി റോക്കറ്റ്
ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷനും ചന്ദ്രയാൻ-4 ദൗത്യവും വിക്ഷേപിക്കേണ്ട അടുത്ത തലമുറ റോക്കറ്റ് (നെക്‌സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ -എൻ.ജി.എൽ.വി) വികസിപ്പിക്കാനും അംഗീകാരം നൽകി. വീണ്ടും ഉപയോഗിക്കാവുന്നതും ചെലവു കുറഞ്ഞതും കൂടുതൽ ഭാരം വഹിക്കുന്നതുമാണ് എൻ.ജി.എൽ.വി.
ഭൂമിയോട് അടുത്തുള്ള ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ് ) വരെ 30 ടൺ പേലോഡ് എത്തിക്കും.
നിലവിലുള്ള പി.എസ്.എൽ.വി, ജി.എസ്.എൽ.വി, എൽ.വി.എം3, എസ്.എസ്.എൽ.വി റോക്കറ്റുകളുടെ ശേഷി 10 ടൺ.
എട്ടു വർഷത്തിനകം ഡി 1, ഡി 2, ഡി 3 റോക്കറ്റുകൾ വികസിപ്പിക്കാൻ 8240 കോടി രൂപ വകയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |