തിരുവനന്തപുരം: ജനവാസ മേഖലകളെ ഒഴിവാക്കി, വനമേഖലയിൽ മാത്രം കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം (ഇ.എസ്.എ) വിജ്ഞാപനം ചെയ്യുന്നതിനുള്ള സംസ്ഥാനത്തിന്റെ പുതിയ കരട് നിർദ്ദേശങ്ങൾ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇ.എസ്.എ വില്ലേജുകളുടെ എണ്ണം 123ൽ നിന്ന് 131 ആക്കി കേന്ദ്രം പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തിലാണിത്.
കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് പ്രകാരം കേരളത്തിലെ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇ.എസ്.എ ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും സംസ്ഥാനം നിയോഗിച്ച ഉമ്മൻ.വി.ഉമ്മൻ സമിതി സ്ഥലപരിശോധന അടക്കമുള്ളവ നടത്തിയതിന്റെ അടിസ്ഥാനത്തിൽ 9993.7 ചതുരശ്ര കിലോമീറ്ററായി (9107 ച.കി.മി വനപ്രദേശവും 886.7 ച.കി.മി വനേതര പ്രദേശവും) ചുരുക്കിയിരുന്നു.
2014മുതലുള്ള കേന്ദ്ര കരട് വിജ്ഞാപനത്തിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ജൂലായ് 31ന് പ്രസിദ്ധീകരിച്ച കരടിൽ 123 വില്ലേജുകൾക്കു പകരം 131 എന്നാണ് രേഖപ്പെടുത്തിയത്.
98 വില്ലേജുകളിലായി
8711.98 ച.കി. മീറ്റർ
ജനവാസ മേഖലകളും തോട്ടങ്ങളും ജലാശയങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും ഒഴിവാക്കി 98 വില്ലേജുകളിലായി 8711.98 ച.കി.മീറ്റർ പ്രദേശമാണ് ഇ.എസ്.എയായി വിജ്ഞാപനം ചെയ്യുന്നതിനായി കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്
പുതുക്കിയ കരട് നിർദ്ദേശം പരിസ്ഥിതി കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്മേൽ പഞ്ചായത്തുകൾ നിർദ്ദേശിച്ച ഭേദഗതികൾ പരിശോധിച്ച് തിരുത്തൽ വരുത്തിയ രേഖകളാണ് കൈമാറിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |