കൊച്ചി: പതിവ് കല്യാണപ്പന്തലുകളിൽനിന്ന് മാറി കൊച്ചി കായലോരത്ത് രാജകീയമായി വിവാഹിതരാവാൻ വൈകാതെ അവസരമൊരുങ്ങും.
മറൈൻഡ്രൈവിലെ ഓപ്പൺ സ്പേസിൽ വിവാഹ പന്തലൊരുക്കാം. ലോകമെങ്ങും ഹിറ്റായിക്കൊണ്ടിരിക്കുന്ന ഡെസ്റ്റിനേഷൻ വെഡിംഗ് പദ്ധതിയാണ് മറൈൻഡ്രൈവ് അബ്ദുൽകലാം മാർഗിൽ ജി.സി.ഡി.എ നടപ്പാക്കുന്നത്.
പദ്ധതിക്കായി ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപ വകയിരുത്തി. ആവശ്യമെങ്കിൽ തുക കൂട്ടും. മറൈൻഡ്രൈവിന്റെ മുഖം മിനുക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിന്റെ അവലോകനം അടുത്ത മാസങ്ങളിലുണ്ടാകും. ഇതിനുശേഷം ഡെസ്റ്റിനേഷൻ വെഡിംഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഡിസംബറോടെ ആരംഭിക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ചെറിയ വാടകയിൽ വലിയ കല്ല്യാണം
വിദേശരാജ്യങ്ങളിലുള്ളവർ വിവാഹം നടത്താൻ ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് കേരളം. അതിൽ ഏറ്റവും വലിയ ടൂറിസംകേന്ദ്രം കൊച്ചിയും. കേരളത്തിലുള്ളവർക്കും അന്യസംസ്ഥാനക്കാർക്കും വിദേശികൾക്കും ഇനി വിവാഹത്തിനായി മറൈൻഡ്രൈവിലെത്താം. വിദേശികൾക്ക് കൊച്ചി എന്നും ഇഷ്ടകേന്ദ്രമായതിനാൽ വിജയിക്കുമെന്നാണ് പ്രതീക്ഷ.
വിവാഹം നടത്താൻ ചെറിയ വാടകയുണ്ടാകും. ഇത് എത്രയെന്ന് തീരുമാനിച്ചിട്ടില്ല. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും വിവാഹചടങ്ങുകൾ. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുന്നു.
മണ്ഡപം ഇഷ്ടമുള്ള
രീതിയിൽ ഒരുക്കാം
വിവാഹം നടത്തുന്നവർക്ക് ഇഷ്ടമുള്ള രീതിയിൽ മണ്ഡപം അലങ്കരിക്കാം. എന്നാൽ ഭക്ഷണം അടക്കമുള്ള കാര്യങ്ങൾ അനുവദിക്കില്ല. അതിന് മറ്റൊരു സ്ഥലം കണ്ടെത്തേണ്ടിവരും.
കൊവിഡ് കാലത്ത് ഡെസ്റ്റിനേഷൻ വെഡിംഗ് കേരളത്തിലെ പല ഹോട്ടലുകളിലും നടന്നതോടെയാണ് ഇത്തരം വിവാഹങ്ങൾക്ക് കേരളത്തിൽ പ്രിയമേറിയത്.
വലിയ കല്യാണത്തിന് കോടികൾ ചെലവുവരും. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ പരദേശി കല്യാണങ്ങൾ നടക്കുന്നത്. നിലവിൽ പല ഹോട്ടൽഗ്രൂപ്പുകളും റിസോർട്ടുകളും വിവാഹസൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്.
പലദിവസങ്ങളിലായി നടക്കുന്ന വെഡിംഗ് പ്ലാനുകളും നിലവിലുണ്ട്. 300 വിദേശികൾവരെ പങ്കെടുത്ത വിവാഹങ്ങൾ കൊച്ചിയിൽ നടന്നിരുന്നു.
ഡെസ്റ്റിനേഷൻ വെഡിംഗിന്റെ പ്രവർത്തനങ്ങൾ നടക്കുകയാണ്. സാധാരണക്കാർക്ക് താങ്ങാവുന്ന വാടകയിൽ വിവാഹം നടത്താം. കെ. ചന്ദ്രൻപിള്ള
ചെയർമാൻ
ജി.സി.ഡി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |