മൂന്ന് പേർ അറസ്റ്റിൽ
കാലടി: ഇരുപത് ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്ന് അന്യ സംസ്ഥാനത്തൊഴിലാളികൾ കാലടിയിൽ പിടിയിൽ. അസാം നൗഗാവ് സ്വദേശികളായ ഗുൽദാർ ഹുസൈൻ(32), അബു ഹനീഫ് (28), മുജാക്കിർ ഹുസൈൻ(28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പൊലീസും ചേർന്ന് പിടികൂടിയത്. കാലടി സ്റ്റാൻഡിന്റെ പരിസരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അസാമിലെ ഹിമാപൂരിൽ നിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്. പൊലീസ് പിടികൂടാതിരിക്കാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കാലടിയിലെത്തിയത്. ഒമ്പതു സോപ്പുപെട്ടികളിലാണ് ഹെറോയിൻ ഒളിപ്പിച്ചത്. ഏഴെണ്ണം ബാഗിലും രണ്ടെണ്ണം അടിവസ്ത്രത്തിനുള്ളിലുമായിരുന്നു. പത്ത് ഗ്രാം 150 ഡപ്പികളിലാക്കി, ഒരു ഡപ്പിക്ക് 2500-3000 നിരക്കിലാണ് വില്പന. അടുത്ത കാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ഹെറോയിൻ വേട്ടയാണിത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി എം.എ അബ്ദുൽ റഹിം, കാലടി എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പള്ളി, എസ്.ഐ മാരായ ജയിംസ് മാത്യു, വി.എസ്.ഷിജു തുടങ്ങിയവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |