കൊല്ലം: മദ്യലഹരിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം കാർ കയറ്റിക്കൊന്ന കേസിലെ കൂട്ടുപ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷന്റെയും കൊല്ലപ്പെട്ട കുഞ്ഞുമോളുടെ കുടുംബത്തിന്റെയും എതിർപ്പ് പരിഗണിച്ചാണ് ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ആർ. നവീൻ ജാമ്യാപേക്ഷ തള്ളിയത്.
ശ്രീക്കുട്ടിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടർ ശിഖ വാദിച്ചു. കുഞ്ഞുമോളുടെ ബന്ധുക്കളുടെ ഭാഗം കൂടി കേട്ടശേഷമേ ജാമ്യം അനുവദിക്കാവൂവെന്ന് കുടുംബ അഭിഭാഷകൻ കണിച്ചേരി സുരേഷും ആവശ്യപ്പെട്ടു. പരിക്കേറ്റവരെ രക്ഷിക്കാതെ കാറോടിച്ചു പോകാൻ ഒന്നാം പ്രതി മുഹമ്മദ് അജ്മലിനെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയത്. റിമാൻഡിലുള്ള പ്രതികളെ ഇന്ന് ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
അജ്മലിനെയും ശ്രീക്കുട്ടിയെയും കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് ഇന്ന് ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിക്കുന്നതിന് പിന്നാലെ ചോദ്യം ചെയ്യലിനൊപ്പം സംഭവസ്ഥലത്തടക്കമെത്തിച്ച് തെളിവെടുക്കും. കാർ പരിശോധിക്കുന്നതിനൊപ്പം അജ്മലിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ആരംഭിക്കും.
തിരുവോണ ദിവസം ഉച്ചയ്ക്കാണ് മദ്യലഹരിയിലായിരുന്ന പ്രതികൾ സ്‌കൂട്ടർ യാത്രക്കാരിയായ കുഞ്ഞുമോളെ കാർ കയറ്റി കൊന്നത്.
കാറുടമ രേഖ ഹാജരാക്കണം
അജ്മൽ ഓടിച്ചിരുന്ന ഹുണ്ടായി ഇയോൺ കാറിന്റെ ഉടമസ്ഥയായ കരുനാഗപ്പള്ള മാരാരിത്തോടം സ്വദേശി കെ. ശോഭയോട് വാഹനത്തിന്റെ ഇൻഷ്വറൻസടക്കമുള്ള രേഖകൾ സഹിതം ഹാജാരാക്കാൻ ശാസ്താംകോട്ട പൊലീസ് ആവശ്യപ്പെടും. അജ്മലിന്റെ സുഹൃത്ത് ശ്രീലാലിന്റെ മാതാവാണ് ശോഭ. കാറിന്റെ ഇൻഷ്വറൻസ് ഈ മാസം 13ന് അവസാനിച്ചിരുന്നു. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഓൺലൈനായി ഇൻഷ്വറൻസ് പുതുക്കിയത്. ഇക്കാര്യവും പൊലീസ് അന്വേഷിക്കും. അപകടസമയത്ത് ഇൻഷ്വറൻസ് ഇല്ലാത്തതിനാൽ കുഞ്ഞുമോളുടെ കുടുംബത്തിന് കോടതി വിധിക്കുന്ന നഷ്ടപരിഹാരം കാറുടമ നൽകേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |