ന്യൂഡൽഹി: ഒറ്റത്തിരഞ്ഞെടുപ്പ് സമ്പ്രദായം 2029 മുതൽ നടപ്പാക്കണമെന്നാണ് രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ.അപ്പോഴാണ് അടുത്ത ലോക്സഭാതിരഞ്ഞെടുപ്പ് വരുന്നത്.
രണ്ടുഘട്ടമായി നടപ്പാക്കണം.ആദ്യം ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും നടത്തണം 100 ദിവസത്തിനകം തദ്ദേശ ഇലക്‌ഷൻ. മൂന്നിനും ഒറ്റ വോട്ടർ പട്ടികയായിരിക്കും.പാർലമെന്റ് ബിൽ പാസാക്കിയശേഷം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് പദ്ധതി നടപ്പാക്കാൻ ഇംപ്ളിമെന്റേഷൻ ഗ്രൂപ്പ് രൂപീകരിക്കണം
പ്രായോഗികമായി ഒട്ടേറെ നടപടികളിൽ വ്യക്തത വരുത്തണം. അതാണ് ഇംപ്ളിമെന്റേഷൻ ഗ്രൂപ്പിന്റെ ദൗത്യം.നിരവധി നോട്ടിഫിക്കേഷനുകൾ ഇറക്കേണ്ടിവരും. ഉദാഹരണത്തിന് ഒറ്റ തിരഞ്ഞെടുപ്പെന്ന് പറയുന്നുണ്ടെങ്കിലും ലോക്സഭാ,നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നൂറു ദിവസത്തിനകം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ശുപാർശ.
നിർദേശം പ്രായോഗികമല്ലെന്നും ആനുകാലിക പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള അടവാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. നീക്കം അപ്രായോഗികവും യാഥാർത്ഥ്യബോധമില്ലാത്തതുമാണെന്ന് സി.പി.ഐ നേതാവ് ഡി.രാജ പറഞ്ഞു. തീരുമാനം ഭരണഘടനയ്‌ക്ക് യോജിച്ചതല്ലെന്ന് തൃണമൂൽ നേതാവ് മമത ബാനർജി പ്രതികരിച്ചു. ഒറ്റ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ജനങ്ങളിൽ നിന്ന് 21,000 നിർദ്ദേശങ്ങൾ ഇലക്ഷൻ കമ്മിഷന് ലഭിച്ചു. ഇതിൽ 81ശതമാനവും അനുകൂലമാണ്.
1957ൽ ഒറ്റ തിരഞ്ഞെടുപ്പ്
1957ൽ ബീഹാർ, ബോംബെ, മദ്രാസ്, മൈസൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിൽ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തി.
ജനാധിപത്യത്തെ അട്ടിമറിക്കാൻ നീക്കം: മുഖ്യമന്ത്രി
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ സമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാറിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിലപാടിനു പിന്നിൽ. ലോക് സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബി.ജെ.പി തയ്യാറല്ല. ഈ സർക്കാരിന്റെ കാലത്തുതന്നെ ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
'നിയമപരമായ കാര്യങ്ങൾ കേന്ദ്രസർക്കാർ വിശദമാക്കിയിട്ടില്ല.നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ അംഗീകാരം കിട്ടില്ല. പ്രതിപക്ഷത്തിന്റെ സമയവായം അനിവാര്യം.'
- പി.ഡി.ടി ആചാരി, ലോക്സഭാ മുൻസെക്രട്ടറി ജനറൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |