ചെന്നൈ: ഡി.എം.കെയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ വേദിയിൽ വച്ച് ഇന്നലെ മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപനം നടത്തുമെന്ന് പ്രചാരണമുണ്ടായെങ്കിലും അതുണ്ടായില്ല. എന്നാൽ മകനെ ഉപമുഖ്യമന്ത്രിയാക്കുന്നതു സംബന്ധിച്ച് ഇന്നലെ സ്റ്റാലിൻ കുടുംബാംഗങ്ങളുമായും പാർട്ടിയിലെ മുതിർന്ന നേതാക്കളുമായും സംസാരിച്ചു. നേരത്തെ ഉദയനിധിക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് പാർട്ടിയിലും കുടുംബത്തിലും എതിർസ്വരങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടാക്കിയ ശേഷം മാത്രമെ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കൂ.
നിലവിൽ കായികമന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. സ്റ്റാലിന്റെ വിദേശസന്ദർശത്തിനു മുമ്പ് ഉദയനിധിയെ ഉപമുഖ്യയാക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. അതു സംഭവിച്ചല്ല, എന്നാൽ
ദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന സൂചന അമേരിക്കയിൽനിന്നു മടങ്ങിയെത്തിയപ്പോൾ സ്റ്റാലിൻ നൽകിയിരുന്നു. നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് സ്റ്റാലിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. 'നമ്മുടെ സർക്കാരിലെ എല്ലാ മന്ത്രിമാരും 'ഉപമുഖ്യമന്ത്രിമാരാണ്' എന്നാണ് നേരത്തെ ഇതുസംബന്ധിച്ച് ഉദയനിധി വിശദീകരിച്ചിരുന്നത്. എന്തായാലും എം.കെ.സ്റ്റാലിൻ മകനെ തന്നെ ഭരണത്തിലും പാർട്ടിയിലും പിൻഗാമിയായി വാഴിക്കുമെന്ന് ഡി.എം.കെ നേതാക്കൾ കരുതുന്നു. കഴിഞ്ഞ മാസം തമിഴ്നാട് മന്ത്രി രാജ കണ്ണപ്പൻ ഒരു പൊതു പരിപാടിയിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞിരുന്നു.
ഉദയനിധിക്ക് അനുകൂലമായി ഉയർത്തുന്ന വാദങ്ങൾ
1കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്, പുതുച്ചേരിയിലെ എല്ലാ സീറ്രുകളും കിട്ടാൻ പ്രധാന പങ്കുവഹിച്ചത് ഉദയനിധിയുടെ പ്രചാരണം
2 അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനേയും മുന്നിൽ നിന്നു നയിക്കാൻ ഉദയനിധിക്കു കഴിയും
3 പുതിയ പാർട്ടിയുമായി എത്തുന്ന വിജയ്‌യെ പ്രതിരോധിക്കാൻ നായക നടൻ കൂടിയായ ഉദയനിധിക്ക് കഴിയും
എതിർവാദങ്ങൾ
1 ഡി.എം.കെയിൽ കുടുംബാധിപത്യമെന്ന പ്രതിപക്ഷ പ്രചാരണം ശക്തമാകും
2 സനാതന ധർമ്മം പോലുള്ള വിവാദങ്ങൾ ഉണ്ടാക്കി, പക്വത കുറവുണ്ട്
3 ഭരണരംഗത്ത് പരിചയക്കുറവ്, കരുണാനിധിയുടെ കുടുംബത്തിൽതന്നെ പരിചയസമ്പന്നർ ഉണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |