ആലപ്പുഴ : ശബരിമലയിലേക്കുള്ള എളുപ്പമാര്‍ഗമെന്നതിലുപരി, നിര്‍ദ്ദിഷ്ട ചെങ്ങന്നൂര്‍ - പമ്പ റെയില്‍പ്പാത ജില്ലയുടെ യാത്രാസ്വപ്നങ്ങളും റെയില്‍വേ വികസനവും യാഥാര്‍ത്ഥ്യമാക്കും. കായംകുളത്തിന് പുറമേ ചെങ്ങന്നൂര്‍ കൂടി റെയില്‍വേ ജംഗ്ഷനായി രൂപാന്തരപ്പെടുന്നതോടെ കോട്ടയം റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ക്കും പദ്ധതി സഹായകമാകും.
രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ട്രെയിന്‍മാര്‍ഗം പമ്പയിലെത്താനുള്ള വഴി തെളിയുന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ക്കും വഴി തുറക്കും.
അഞ്ച് വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ചെങ്ങന്നൂര്‍ - പമ്പ റെയില്‍പ്പാത കേന്ദ്രമന്ത്രിസഭയുടെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതി ലഭിച്ചാലുടന്‍ നിര്‍മ്മാണം തുടങ്ങും.
ഫാസ്റ്റ് റെയില്‍ ട്രാന്‍സിസ്റ്റ് സിസ്റ്റം എന്ന ആധുനിക ബ്രോഡ് ഗേജ് ഇരട്ടപ്പാതയാണ് ലക്ഷ്യം. പദ്ധതിയ്ക്ക് 81.367 ഹെക്ടര്‍ വനഭൂമി നഷ്ടമാകുന്നതിനു പകരമുള്ള പരിസ്ഥിതി പ്രതിരോധ മാര്‍ഗങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചെങ്ങന്നൂര്‍ - പമ്പ : 59.23 കി.മീ
ചെങ്ങന്നൂരിലേക്ക് കൂടുതല്‍ സര്‍വീസുകളെത്തും
ചെങ്ങന്നൂരില്‍ നിന്ന് പുറപ്പെട്ട് ആറന്മുള, കോഴഞ്ചേരി, അത്തിക്കയം, നിലയ്ക്കല്‍, ചാലക്കയം വഴിയാണ് പാത പമ്പയിലെത്തുന്നത്.
ചെങ്ങന്നൂര്‍, ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നിവയാണ് പാതയിലെ സ്റ്റേഷനുകള്‍
പാതയില്‍ വിവിധ സ്ഥലങ്ങളിലായി 22 പാലങ്ങളും 20 തുരങ്കങ്ങളും നിര്‍മ്മിക്കും
ഗതാഗതകുരുക്കൊഴിവാക്കുന്നതിനൊപ്പം റോഡ് യാത്രയെക്കാള്‍ സമയം ലാഭിക്കാമെന്നതാണ് പദ്ധതിയുടെ നേട്ടം
റെയില്‍പ്പാത യാഥാര്‍ത്ഥ്യമായാല്‍ സമയം ലാഭിക്കാം. എം.സി റോഡിലെ വാഹനത്തിരക്കും ഗതാഗത കുരുക്കും ഒഴിവാക്കാം
പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കി ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം വിപുലപ്പെടുത്തുന്നതിനൊപ്പം ജില്ലയുടെ കിഴക്കന്‍ മേഖലയുടെ വികസനവും യാഥാര്‍ത്ഥ്യമാക്കും
- കൊടിക്കുന്നില്‍ സുരേഷ് എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |