ബീജിംഗ്: ചൈനയിൽ 18 മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്ത 55കാരനായ ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. ഷെജിയാംഗ് പ്രവിശ്യയിലെ ഹാംഗ്ഷൂവിലാണ് സംഭവം. 18 മണിക്കൂർ ഷിഫ്റ്റ് കഴിഞ്ഞ് തന്റെ ഇലക്ട്രിക് സ്‌കൂട്ടറിൽ വിശ്രമിക്കവെ യുവാൻ എന്ന ഡെലിവറി ഏജന്റ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ മാസം 6നായിരുന്നു സംഭവമെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നു. തനിക്ക് പകരം മറ്റൊരു ഏജന്റ് ജോലിക്ക് കയറുന്നത് വരെ യുവാൻ ജോലി തുടരുകയായിരുന്നു. അതേ സമയം, കുടുംബത്തെ സംരക്ഷിക്കാൻ യുവാൻ സ്വമേധയാ അധിക സമയം ജോലി ചെയ്യുന്നത് പതിവായിരുന്നെന്ന് കമ്പനി പറയുന്നു.
എന്നാൽ ചൈനീസ് കമ്പനികൾ തൊഴിലാളികളെ കൊണ്ട് അമിതമായി ജോലി ചെയ്യിപ്പിക്കുന്നെന്ന് വ്യാപക പരാതിയുണ്ട്. ചൈനയിൽ 104 ദിവസം വിശ്രമമില്ലാതെ ജോലി ചെയ്‌ത 30കാരൻ അവയവങ്ങളുടെ പ്രവർത്തനം നിലച്ച് മരിച്ച വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. തൊഴിലാളികൾക്ക് കൃത്യമായി അവധി നൽകണമെന്നും ദിവസവും 8 മണിക്കൂർ, അല്ലെങ്കിൽ ആഴ്ചയിൽ 44 മണിക്കൂർ മാത്രമേ ഒരാൾ ജോലി ചെയ്യാൻ പാടുള്ളൂ എന്നും സംഭവത്തിന് പിന്നാലെ ചൈനീസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |