ന്യൂഡൽഹി: പുതിയ അത്യാഡംബര സ്വകാര്യ ജെറ്റ് സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ ഒരാളുമായ മുകേഷ് അംബാനി. ബോയിംഗ് ബിബിജെ 737 മാക്സ് 9 ആണ് അംബാനി പുതിയതായി സ്വന്തമാക്കിയത്. ഒന്നും രണ്ടുമല്ല 1000 കോടി രൂപയാണ് ഈ സ്വകാര്യ ജെറ്റിന്റെ വില. ഇന്ത്യയിലെ സമ്പന്നരുടെ കെെയിൽ ഉള്ളതിൽവച്ച് ഏറ്റവും വില കൂടിയ ജെറ്റാണിത്.
വിമാനത്തിന്റെ പ്രത്യേകതകൾ
ഈ അൾട്രാ ലോംഗ് റേഞ്ച് ബിസിനസ് ജെറ്റിന്റെ വില ഏകദേശം 1000 കോടി രൂപയാണ്. 2023 ഏപ്രിൽ 13നാണ് ജെറ്റിന്റെ നിർമാണം ആരംഭിച്ചത്. 2024 ഓഗസ്റ്റ് 27നാണ് നിർമാണം പൂർത്തിയായത്. നിരവധി പരീക്ഷണ പറക്കലുകൾക്ക് ശേഷമാണ് ജെറ്റ് അംബാനി സ്വന്തമാക്കിയത്.
ഇരട്ട എൻജിനുകളാണ് ഇതിനുള്ളത്. ബോയിംഗിന്റെ റെന്റൺ പ്രൊഡക്ഷൻ പ്ലാന്റിലാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്. ആഡംബര പൂർണമായ സുഖസൗകര്യങ്ങളാണ് വിമാനത്തിനുള്ളിൽ ഉള്ളത്. ഒരു കൊട്ടാരത്തിന് സമാനമായതാണ് വിമാനമെന്നാണ് റിപ്പോർട്ട്. ബിബിജെ 737 മാക്സ് 9 ക്യാബിൻ ബോയിംഗ് 737 മാക്സ് 8നെക്കാൾ വലുതും കൂടുതൽ സ്ഥലസൗകര്യവുമുള്ളതാണ്. ഇത് മികച്ച അനുഭവമാണ് നൽകുന്നതെന്ന് കമ്പനി അധികൃതർ പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് 500 കോടി രൂപയുടെ അത്യാഡംബര വിമാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സ്വന്തമാക്കിയിരുന്നു. ഗൾഫ് സ്ട്രീം എയ്‌റോസ്പെയ്സ് നിർമിച്ച ജി -600 വിമാനമാണ് യൂസഫലിയുടെ യാത്രകളുടെ ഭാഗമാകുക. 19പേർക്ക് സഞ്ചരിക്കാവുന്ന ഈ ചെറു വിമാനത്തിൽ ആറ് പേർക്ക് കിടന്ന് സഞ്ചരിക്കാനും സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |