കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ഒരാൾക്ക് എം പോക്സ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന മുപ്പത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യു എ ഇയില്‍ നിന്നാണ് അദ്ദേഹം വന്നത്. ഇതോടെ എം പോക്സമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർന്നിരുന്നു.
എന്താണ് എം പോക്സ്
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം, ഓർത്തോപോക്സ് ഇനത്തിൽപ്പെട്ട വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ രോഗമാണിത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗം കൂടിയാണ്. സ്പർശനം, രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ലൈംഗിക ബന്ധം തുടങ്ങിയവയിലൂടെ രോഗം പകരാൻ കാരണമാകും.
വസൂരിയുടെ ലക്ഷണങ്ങളുമായി എം പോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ രോഗം വീണ്ടും തിരിച്ചുവന്നതോടെ ആശങ്ക ശക്തമായി. കഴിഞ്ഞ ഓഗസ്റ്റിൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പും പുറപ്പെടുവിപ്പിച്ചിരുന്നു.
മങ്കിപോക്‌സ് എങ്ങനെ എംപോക്‌സ് ആയി?
മങ്കിപോക്സ് എന്നായിരുന്നു മുമ്പ് ഈ രോഗം അറിയപ്പെട്ടിരുന്നത്. 1958ൽ വസൂരി രോഗ ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലാണ് ആദ്യമായി മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചതെന്നാണ് വിവരം. 2022ലാണ് ലോകാരോഗ്യ സംഘടന ഈ പേര് മാറ്റിയത്. അതിന് ചില കാരണങ്ങളുമുണ്ട്. ഈ പേര് വംശീയ അധിക്ഷേപം ഉണ്ടാക്കുന്നുവെന്ന് പരാതിയുയർന്നിരുന്നു.
2022ൽ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ടും ചില പ്രചാരണങ്ങൾ ഉണ്ടായിരുന്നു. കൂടാതെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചാരണമുണ്ടായിരുന്നു.
ഇതുകൂടാതെ 'മങ്കിപോക്സ്' എന്ന പദം വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്നും അഭിപ്രായങ്ങളുയർന്നിരുന്നു. 1958ൽ ഡാനിഷ് ലബോറട്ടറിയിൽ കുരങ്ങുകളിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയതെങ്കിലും കുരങ്ങുകളല്ല, പകരം എലികളും മറ്റ് ചെറിയ സസ്തനികളുമാണ് പ്രഥമിക രോഗവാഹകരെന്നും അതിനാൽ മങ്കിപോക്‌സ് എന്ന പേര് ഒട്ടും യോജിച്ചതല്ല. കാരണം മങ്കിപോക്‌സ് എന്ന് കേൾക്കുമ്പോൾ കുരങ്ങുകൾ മാത്രമാണ് രോഗവാഹകർ എന്ന തെറ്റിദ്ധാരണ പരത്തുമെന്നും നിർദേശങ്ങളുയർന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന എംപോക്‌സ് എന്ന് പേര് മാറ്റിയത്.
ലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
മങ്കിപോക്സിനെ പേടിക്കണോ?
കൊവിഡ് ഇന്ത്യയ്‌ക്ക് ഭീഷണിയാകുമോ എന്ന ആങ്കയും ഉയരുന്നുണ്ട്. എന്നാൽ കൊവിഡിനെയും മറ്റും അപേക്ഷിച്ച് മങ്കിപോക്‌സ് പടരാനുള്ള സാദ്ധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. രോഗ ബാധിത രാജ്യങ്ങൾക്ക് പുറത്തേക്ക് രോഗം പകരാനുള്ള സാദ്ധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയിലെ കൊവിഡ് 19, എംപോക്സ് ഹെൽത്ത് ഓപ്പറേഷൻസിന്റെ മുൻ മെഡിക്കൽ ഓഫീസർ കൃതിക കുപ്പള്ളി വ്യക്തമാക്കി.
രോഗത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കേണ്ടത് പ്രധാനമാണെന്ന് കൃതിക കുപ്പള്ളി നിർദേശിച്ചു. അപകടസാദ്ധ്യത ഘടകങ്ങൾ, പകരുന്ന രീതി, ലക്ഷണങ്ങൾ, പരിചരണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചാണ് ബോധവത്കരിക്കേണ്ടത്.
രോഗബാധയെ തുരത്താൻ നിരവധി നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് ഡോക്ടർമാർ പറയുന്നു. രോഗബാധ സംശയിക്കുന്നവരും രോഗം സ്ഥിരീകരിച്ചവരും നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ടത്
വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും, രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും നിർദേശിച്ചിട്ടുള്ള മുൻകരുതലുകൾ സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |